ad
Deshabhimani

3 കപ്പലുകൾ നീറ്റിലിറക്കി

shipyard

കൊച്ചി കപ്പൽശാല നീറ്റിലിറക്കിയ "ഡിസിഐ ഡ്രഡ്ജ് ഗോദാവരി'ക്കുമുന്നിൽ ചെയർമാൻ മധു എസ് നായരും അതിഥികളും

വെബ് ഡെസ്ക്

Published on Oct 19, 2025, 03:28 AM | 1 min read

കൊച്ചി


അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച മൂന്ന് കപ്പലുകൾ ഒരേദിവസം കൊച്ചി കപ്പൽശാല നീറ്റിലിറക്കി.


അന്തർവാഹിനി ആക്രമണ പ്രതിരോധക്കപ്പൽ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്–എഎസ്ഡബ്ല്യുഎസ്ഡബ്ല്യുസി), ഹൈബ്രിഡ് ഇലക്‌ട്രിക്‌ മെഥനോൾ -റെഡി കമീഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ "ഡിസിഐ ഡ്രഡ്ജർ ഗോദാവരി'എന്നിവയാണ് നീറ്റിലിറക്കിയത്‌.



കപ്പൽശാലയിൽ നടന്ന ചടങ്ങിൽ അന്തർവാഹിനി ആക്രമണ പ്രതിരോധക്കപ്പൽ നാവികസേന വൈസ് അഡ്മിറൽ ആർ സ്വാമിനാഥന്റെ ഭാര്യ രേണു രാജാറാം നീറ്റിലിറക്കി. "ഡിസിഐ ഡ്രഡ്ജ് ഗോദാവരി' ഡ്രഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി ശിരോഭൂഷണം സുജാതയും "ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ -റെഡി കമീഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ' കൊച്ചി പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ബി കാശിവിശ്വനാഥന്റെ ഭാര്യ വസന്തയും നീറ്റിലിറക്കി.


നാവികസേന വൈസ് അഡ്മിറൽ ആർ സ്വാമിനാഥൻ, കൊച്ചി പോർട്ട് അതോറിറ്റി ചെയർപേഴ്‌സൺ ബി കാശിവിശ്വനാഥൻ, ഡ്രഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഡോ. എം അംഗമുത്തു, പെലാജിക് വിൻഡ് സർവീസസ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ്, കപ്പൽശാല ചെയർമാൻ മധു എസ് നായർ തുടങ്ങിയവർ സംസാരിച്ചു.



നാവികസേനയ്ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന എട്ട്‌ ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ ആറാമത്തേതാണ് നീറ്റിലിറക്കിയ അന്തർവാഹിനി ആക്രമണ പ്രതിരോധക്കപ്പൽ. 78 മീറ്റർ നീളവും 896 ടൺ ഭാരവുമുണ്ട്‌. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്‌. "ഐഎൻഎസ് മഗ്ദല' എന്നാണ് കപ്പലിന്റെ പേര്. 12,000 ക്യുബിക് മീറ്റര്‍ ശേഷിയുള്ള സക്‌ഷൻ ഹോപ്പര്‍ ഡ്രഡ്ജറാണ്‌ ഡ്രഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കു(ഡിസിഐ)വേണ്ടി നിർമിച്ച "ഡിസിഐ ഡ്രഡ്ജ് ഗോദാവരി'. 950 കോടിയാണ് നിർമാണച്ചെലവ്‌.



തീരത്തുനിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങളുടെ കമീഷനിങ്, സര്‍വീസ്, മറ്റു പ്രവൃത്തികള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഹൈബ്രിഡ് ഇലക്‌ട്രിക്‌ മെഥനോൾ- റെഡി കമീഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ. മണിക്കൂറില്‍ 13 നോട്ടിക്കല്‍ മൈലാണ്‌ വേഗം. നീളം 93 മീറ്റര്‍, വീതി 19.6 മീറ്റര്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home