കനലായ് പെയ്‌തിറങ്ങി അഭിമന്യു

അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഹൈക്കോടതി ജങ്‌ഷനിൽനിന്ന് മഹാരാജാസ് കോളേജിലേക്ക് സംഘടിപ്പിച്ച വിദ്യാർഥി റാലി
കൊച്ചി
വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ എസ്‌ഡിപിഐ–ക്യാന്പസ് ഫ്രണ്ട് തീവ്രവാദി സംഘത്തിന്റെ കൊലക്കത്തിക്കിരയായ അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ സ്‌മരണപുതുക്കി പുരോഗമന വിദ്യാർഥിപ്രസ്ഥാനം. അഭിമന്യുവിന്റെ എട്ടാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് നഗരത്തിലും ജില്ലയിലെ വിവിധ ക്യാന്പസുകളിലും അനുസ്‌മരണറാലിയും സമ്മേളനങ്ങളും നടന്നു. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത റാലിയെ തുടർന്ന് അഭിമന്യുവിന്റെ കലാലയമായ എറണാകുളം മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച അനുസ്‌മരണസമ്മേളനം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്‌ഘാടനംചെയ്‌തു.
പ്രഭാതഭേരിയോടെയാണ് ക്യാന്പസുകളിൽ അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. മഹാരാജാസ് എസ്എഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ മറൈന്‍ഡ്രൈവിൽനിന്ന് ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികളില്‍നിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകർ അണിനിരന്ന് റാലി ആരംഭിച്ചു. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനത്തിനൊപ്പം അണിചേര്‍ന്ന് രക്തസാക്ഷിത്വം വരിച്ച ദേവപാലൻമുതല്‍ ഇടുക്കി ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിയായിരിക്കെ യൂത്ത് കോൺഗ്രസ്– -കെഎസ്‌യു പ്രവർത്തകര്‍ കൊലപ്പെടുത്തിയ ധീരജ് രാജേന്ദ്രൻവരെയുള്ള 35 രക്തസാക്ഷികളുടെ ചിത്രം പതിച്ച ബോര്‍ഡുകളും വിദ്യാർഥികൾ കൈയിലേന്തി. ബാൻഡ് മേളം അകമ്പടിയായി. റാലി മഹാരാജാസ് ക്യാന്പസിൽ എത്തിയപ്പോൾ രക്തസാക്ഷിമണ്ഡപത്തില്‍ പ്രവര്‍ത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി.
"വര്‍ഗീയത തുലയട്ടെ' എന്ന് ജീവരക്തം കൊണ്ടെഴുതിയ അഭിമന്യുവിന്റെ രക്തസാക്ഷിത്വം വര്‍ഗീയശക്തികള്‍ക്കെതിരെ പോരാട്ടങ്ങൾക്ക് എന്നും ആവേശമാണെന്ന് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനംചെയ്‌ത എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.
ഇടതുപക്ഷവും പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനവും ഒരുഘട്ടത്തിലും വര്‍ഗീയതയോട് സന്ധിചെയ്യില്ല. ലക്ഷണമൊത്ത വര്‍ഗീയ സംഘടനയായ എസ്ഡിപിഐയെ കോണ്‍ഗ്രസും കെഎസ്‌യുവും ചേര്‍ത്തുപിടിക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിക്കാന്‍പോലും കോണ്‍ഗ്രസും കെഎസ്‌യുവും തയ്യാറായില്ലെന്നും ശിവപ്രസാദ് പറഞ്ഞു.
എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി -പി ആർ രഘു, അഭിമന്യുവിനെക്കുറിച്ചുള്ള "മുന്നേറ്റത്തിന്‍ കൊടിയുമതേന്തി പൊരുതി മരിച്ച സഖാവേ... അരുമ സഖാവേ പ്രിയനാം നമ്മുടെ ധീരനാമഭിമന്യു' ഗാനം ആലപിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ് സ്വാഗതം -പറഞ്ഞു. പ്രസിഡന്റ് രതു കൃഷ്ണൻ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം വിപിൻ രാജ് പായം, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ, എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് പ്രജിത്ത്ബാബു എന്നിവര്‍ സംസാരിച്ചു. എറണാകുളം ഏരിയ സെക്രട്ടറി അബ്ദുൾ നാസിർ നന്ദി പറഞ്ഞു.










0 comments