അതിശക്തമായ മഴയ്ക്ക് സാധ്യത; ഉത്തരാഖണ്ഡിൽ ഓറഞ്ച് അലർട്

image: ndtv
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. നൈനിറ്റാൾ, ബാഗേശ്വർ ജില്ലകളിലാണ് ഓറഞ്ച് അലർട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അതേസമയം, കുന്നുകളിൽ നിന്ന് കല്ലുകളും മറ്റും വീണു തുടങ്ങിയതിനാൽ ബദരീനാഥ്, കേദാർനാഥ് തീർത്ഥാടന പാതയിൽ ഗതാഗതം തടസ്സപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. കാലവർഷം ആരംഭിച്ച് വെറും 48 മണിക്കൂറിനുള്ളിലാണ് ഉത്തരാഖണ്ഡിൽ കനത്ത പ്രകൃതിക്ഷോഭവും നാശനഷ്ടവുമുണ്ടായത്. ജൂൺ 30 ന് ഉത്തരാഖണ്ഡിൽ മൺസൂൺ എത്തുകയും ബുധനാഴ്ചയോടെ മഴ ശക്തിപ്രാപിക്കുകയും ചെയ്തു.
ഡെറാഡൂൺ ആസ്ഥാനമായുള്ള കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച വിവിധ പ്രദേശങ്ങളിൽ മിതമായ രീതിയിലുള്ള മഴ ലഭിച്ചു.
ഖാൻപൂരിൽ 41.5 മില്ലീമീറ്ററും, ലക്സറിൽ 33 മില്ലീമീറ്ററും, റൂർക്കിയിൽ 21 മില്ലീമീറ്ററും, താലിസൈനിൽ 19 മില്ലീമീറ്ററും, റാണിഖേത്തിൽ 18 മില്ലീമീറ്ററും, ചമ്പാവത്ത് 15 മില്ലീമീറ്ററും, മുസ്സൂറിയിൽ 12.3 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. പ്രകൃതിക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.










0 comments