സ്വപ്നയാത്ര തുടർന്ന് ക്രിസ്റ്റ്യാനോ; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ

ക്രൊയേഷ്യയെ തകർത്ത് പ്രീ-ക്വാർട്ടറിൽ കടന്നശേഷം ഡീഗോ ജോട്ടയുടെ 21ാം നമ്പർ ജേഴ്സിയുമായി പോർച്ചുഗൽ താരങ്ങൾ | Photo Credit : X/@selecaoportugal
ടൊറന്റോ : ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ഇതിഹാസങ്ങളുടെ വൺ ലാസ്റ്റ് ഡാൻസ് പോരാട്ടത്തിൽ ക്രൊയേഷ്യയെ 2-1ന് തകർത്ത് പോർച്ചുഗൽ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ക്രൊയേഷ്യൻ നായകനും ഇതിഹാസ മിഡ്ഫീൽഡറുമായ ലൂക്ക മോഡ്രിച്ചിന്റെ ലോകകപ്പ് കരിയറിന് അന്ത്യമായി. 41ാം വയസിൽ തന്റെ ആറാം ലോകകപ്പ് മത്സരത്തോടെ വിരമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ വിജയം പ്രതീക്ഷയുടേതാണ്.
രണ്ട് ഇതിഹാസങ്ങളിൽ ഒരാൾക്ക് ഇന്ന് ലോകകപ്പിൽ നിന്ന് മടങ്ങേണ്ടി വരും എന്ന ഉറപ്പോടെയാണ് റൗണ്ട് ഓഫ് 32ലെ പോരാട്ടത്തിന് ടൊറന്റോയിൽ പന്തുരുണ്ടത്. റയൽ മാഡ്രിഡിന്റെ സുവർണ കാലഘട്ടത്തിൽ ഒന്നിച്ച് പൊരുതിയ രണ്ട് ഉറ്റ സുഹൃത്തുക്കളുടെ നേർക്കുനേർ പോരാട്ടം എന്ന സവിശേഷതയും ഇന്നത്തെ പോർച്ചുഗൽ - ക്രൊയേഷ്യ മത്സരത്തിനുണ്ടായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും കളി നിയന്ത്രിച്ചത് പോർച്ചുഗൽ ആയിരുന്നു. നോക്കൗട്ട് ഘട്ടങ്ങളിൽ ഇന്നേവരെ ഗോൾ നേടിയിട്ടില്ലെന്ന വിമർശകരുടെ പരിഹാസങ്ങൾക്ക് മറുപടി നൽകാൻ ഉറച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്തിറങ്ങിയത്.
മത്സരത്തിന്റെ 53ാം മിനിറ്റിൽ ഇവാൻ പെരിസിചിന്റെ ഗോളിലൂടെ ക്രൊയേഷ്യ ആധിപത്യം ഉറപ്പിച്ചു. ഒരു ഗോളിന് പിന്നിലായതോടെ ഈ ലോകകപ്പിൽ പോർച്ചുഗലിന്റെ കുതിപ്പ് അവസാനിച്ചുവെന്ന് ഉറപ്പിച്ചു. എന്നാൽ അവർ ഒട്ടും പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ 68ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് റൊണാൾഡോ ടീമിന് സമനില സമ്മാനിച്ചു. ഇതോടെ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി.
Photo Credit : X/@selecaoportugal
മത്സരം എക്സ്ട്രാ ടൈമിലേക്കും ആരാധകർ ഭയക്കുന്ന പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 94ാം മിനിറ്റിൽ റാമോസ് നേടിയ ഹെഡ്ഡർ ഗോൾ കളിക്ക് വീണ്ടും ജീവൻ നൽകിയത്.
തുടർന്ന് നാടകീയമായ നിമിഷങ്ങൾക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. കളിയുടെ തൊട്ടവസാന കിക്കിലൂടെ ക്രോയേഷ്യ കളി സമനിലയിലാക്കിയെന്ന് തോന്നിച്ച നിമിഷം! എന്നാൽ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആവേശകരമായ മത്സരത്തിന് നാടകീയ വഴിത്തിരിവ് സമ്മാനിച്ചുകൊണ്ട് വി എ ആർ (VAR) വീണ്ടുമെത്തി. ജോസ്കോ ഗ്വാർഡിയോൾ ക്രോയേഷ്യക്കായി ഗോൾ നേടിയെങ്കിലും ഗോൾ നീക്കത്തിനിടെ മാരിയോ പാസാലിച്ച് ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് പ്രതീക്ഷയുടെ പുതിയ വെളിച്ചമേകിയും ക്രോയേഷ്യൻ ഇതിഹാസം ലൂക്കാ മോഡ്രിച്ചിന്റെ ലോകകപ്പ് കരിയറിന് തിരശീലയിട്ടും ആവേശപ്പോരാട്ടം അവസാനിച്ചു.
പോർച്ചുഗൽ ഗോൾകീപ്പർ ഡീഗോ കോസ്റ്റയുടെ നിർണായകമായ രണ്ട് സേവുകളും ഇരുപക്ഷത്തുനിന്നുമായി നിരവധി ഗോളുകൾ നിഷേധിക്കപ്പെട്ടതുമെല്ലാം വമ്പന്മാരുടെ പോരാട്ടത്തിന് ആവേശം കൂട്ടി.
ജൂലൈ 7ന് രാത്രി 12.30 നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ സ്പെയിനെ നേരിടും.











0 comments