ad
Deshabhimani

ഇരുട്ടടി തുടരും! പെട്രോൾ, ഡീസൽ വില ഉടൻ കുറയില്ല; കേന്ദ്ര പെട്രോളിയം മന്ത്രി

Hardeep Singh Puri

കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി

വെബ് ഡെസ്ക്

Published on Jul 03, 2026, 08:13 AM | 2 min read

ന്യൂഡൽഹി : രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടനടി കുറയാൻ സാധ്യതയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. കുറഞ്ഞ നിരക്കിലുള്ള ക്രൂഡ് ഓയിൽ ഇന്ത്യൻ റിഫൈനറികളിൽ എത്തിച്ചേർന്നതിന് ശേഷം മാത്രമേ ആഭ്യന്തര വിപണിയിൽ വിലക്കുറവിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കൂ എന്ന് വ്യാഴാഴ്ച മന്ത്രി സൂചിപ്പിച്ചു.


സാധാരണയായി റിഫൈനറികൾ തങ്ങൾക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണ ലഭ്യമാകുന്നതിന് രണ്ട് മാസം മുൻപ് തന്നെ വാങ്ങൽ കരാറുകൾ ഉറപ്പിക്കാറുണ്ട്. ഇപ്പോൾ പമ്പുകളിലൂടെ വിൽക്കുന്ന ഇന്ധനം, മാസങ്ങൾക്ക് മുൻപ് പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം രാജ്യാന്തര വിപണിയിൽ എണ്ണവിലയും ചരക്കുകൂലിയും ഇൻഷുറൻസ് നിരക്കുകളും ഉയർന്ന നിലയിലായിരുന്നപ്പോൾ വാങ്ങിയതാണെന്ന് മന്ത്രി വിശദീകരിച്ചു. നിലവിൽ ബാരലിന് 70 ഡോളറോ അതിൽ താഴെയോ ഉള്ള കുറഞ്ഞ നിരക്കിലുള്ള ക്രൂഡ് ഓയിൽ ഇന്ത്യൻ തീരങ്ങളിൽ എത്തിച്ചേരാൻ ഇനിയും സമയമെടുക്കും.


ഉൽപാദനച്ചെലവും വിൽപനവിലയും തമ്മിലുള്ള വ്യത്യാസം മൂലം ജൂണിൽ അവസാനിച്ച പാദത്തിൽ എൽപിജി, പെട്രോൾ, ഡീസൽ വിൽപനയിലൂടെ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ആകെ 1.89 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി അറിയിച്ചു. ഇതിൽ പെട്രോൾ വിൽപനയിലെ 19,905 കോടി രൂപയുടെ നഷ്ടവും, ഡീസലിലെ ഏകദേശം 1.45 ലക്ഷം കോടി രൂപയുടെ നഷ്ടവും, എൽപിജി വിൽപനയിലൂടെയുണ്ടായ 24,148 കോടി രൂപയുടെ നഷ്ടവും ഉൾപ്പെടുന്നു.


ഭാവിയിലെ വിപണി അസ്ഥിരതകളെ നേരിടാൻ രാജ്യം സജ്ജമാണെന്ന് വ്യക്തമാക്കിയ മന്ത്രി, അസംസ്‌കൃത എണ്ണവില കുറഞ്ഞിരിക്കുമ്പോൾ തന്നെ കൂടുതൽ സംഭരിക്കാനും സംഭരണ ശേഷി വർദ്ധിപ്പിക്കാനും ഉഭയകക്ഷി പങ്കാളികളുമായുള്ള സമ്പർക്കം ശക്തമാക്കാനും നടപടികൾ സ്വീകരിക്കുമെന്ന് ഊന്നിപ്പറഞ്ഞു.


ഇന്ത്യയിൽ നിലവിൽ തുറമുഖങ്ങൾ, റിഫൈനറികൾ, പൈപ്പ് ലൈനുകൾ, പെട്രോളിയം കരുതൽ ശേഖര എന്നിവടങ്ങളിലായി ആകെ 76 മുതൽ 80 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ സംഭരണമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എങ്കിലും നിലവിലെ ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് യാതൊരുവിധ റിസ്ക്കുകളും എടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സംഭരണ ശേഷി ഇനിയും വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യയിലേക്ക് പെട്രോൾ കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഈ വ്യാപാരം എണ്ണക്കമ്പനികളിൽ നിന്ന് നേരിട്ടല്ലാതെ വ്യാപാരികൾ മുഖേന വഴിതിരിച്ചുവിട്ടതാകാം എന്ന് മന്ത്രി മറുപടി നൽകി. ഇന്ത്യൻ കമ്പനികളുടെ ഉൽപ്പാദനം അന്താരാഷ്ട്ര വ്യാപാരികളും വാങ്ങാറുള്ളതിനാൽ റഷ്യയിലെത്തിയിരിക്കുന്ന ഇന്ത്യൻ പെട്രോൾ ഉത്പന്നങ്ങൾ ഇത്തരം വ്യാപാരികളിൽ നിന്നാകാം വാങ്ങിയിട്ടുള്ളത് എന്ന കാര്യം പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്ന് ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home