ട്രെയിനും ബസും ഫുൾ; ഓണത്തിന് വീട്ടിലെത്താൻ ടിക്കറ്റില്ല


നിഖിൽ രവീന്ദ്രൻ
Published on Jul 03, 2026, 09:09 AM | 1 min read
പാലക്കാട്: ഓണത്തിന് ഇതരസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്താനിരിക്കുന്നവർക്ക് തിരിച്ചടിയായി ടിക്കറ്റ് ക്ഷാമം. ആഗസ്‌ത് 26നാണ് തിരുവോണം. ഉത്രാടവും തിരുവോണവും ചൊവ്വ, ബുധൻ ദിവസങ്ങളിലായതിനാൽ തൊട്ടുമുന്പുള്ള വെള്ളിയാഴ്ചയോടെ (21ന്) മിക്കവരും നാട്ടിലേക്ക് തിരിക്കും. ഇൗ ദിവസങ്ങളിലെ ട്രെയിൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചപ്പോൾതന്നെ ഏറെക്കുറെ സീറ്റും ബുക്കിങ്ങായി.
ബംഗളൂരുവിൽനിന്ന് സാധാരണ സർവീസ് നടത്തുന്ന കെഎസ്ആർ ബംഗളൂരു – കന്യാകുമാരി എക്സ്പ്രസ്, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, യശ്വന്തപുര–കണ്ണൂർ എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം റിസർവായി. കന്യാകുമാരി എക്സ്പ്രസിൽ 21ന് നിലവിൽ വെയിറ്റിങ് ലിസ്‌റ്റ് 151 ആണ്. 22ന് വെയിറ്റിങ് ലിസ്‌റ്റ് 154 . മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് 21, 22 തീയതികളിൽ 145 ആണ് വെയിറ്റിങ് ലിസ്‌റ്റ്. യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിലും സ്ഥിതി വ്യത്യസ്‌തമല്ല. 135 ആണ് ഇൗ ദിവസങ്ങളിൽ വെയിറ്റിങ്.
ഹൈദരാബാദിൽനിന്നുള്ള ശബരി എക്‌സ്‌പ്രസിലും സീറ്റില്ല. അവസരം മുതലാക്കി പതിവുപോലെ സ്വകാര്യ ബസുകൾ നിരക്ക് കുത്തനെ കൂട്ടി. 21ന് ജോലി കഴിഞ്ഞ് ബസ് കയറണമെങ്കിൽ 2500 മുതൽ 4500വരെ ചെലവ് വരും. 21ന് ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് 3,900– 4,500 രൂപയും തിരുവനന്തപുരത്തേക്ക് 4,500– 6,000 രൂപയും കോഴിക്കോട്ടേക്ക് 3,200– 4,500 രൂപയും കണ്ണൂരിലേക്ക് 3,600– 6000 രൂപയുമാണ് വിമാന ടിക്കറ്റ് നിരക്ക്.
ചെന്നൈയിൽനിന്നും ഇതുതന്നെയാണ് സ്ഥിതി. വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ്, ചെന്നൈ മെയിൽ, ധൻബാദ് എന്നിവയിലും നിലവിൽ ടിക്കറ്റില്ല. ആലപ്പി എക്‌സ്‌പ്രസിൽ നൂറിന് മുകളിലാണ് വെയിറ്റിങ് ലിസ്റ്റ്. ബസിന് 2500 രൂപയിലേറെയാണ് നിരക്ക്. കെഎസ്‌ആർടിസി ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ല.










0 comments