ബെംഗളൂരു ക്വാറി അപകടം; സുരക്ഷാ വീഴ്ച ആരോപിച്ച് തൊഴിലാളികൾ

ബെംഗളൂരു ഹുലുകേനഹള്ളിയിൽ പാറക്കല്ല് ട്രാക്ടറിന് മുകളിലേക്ക് പതിച്ചുണ്ടായ അപകടം | Photo Credit : X/@sirajnoorani
ബെംഗളൂരു : ജോലികൾ പെട്ടെന്ന് നിലച്ചുപോയതിന്റെ നടുക്കുന്ന അടയാളങ്ങൾ ആ കരിങ്കൽ ക്വാറിയിൽ ഇപ്പോഴും ചിതറിക്കിടപ്പുണ്ട്, പകുതി കഴിച്ച നിലയിലുള്ള ഭക്ഷണപ്പൊതികൾ, തുറക്കാത്ത പ്ലാസ്റ്റിക് കുപ്പിവെള്ളങ്ങൾ, നിശ്ചലമായി കിടക്കുന്ന ബുൾഡോസറുകളും ഡ്രില്ലിംഗ് മെഷീനുകളും. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള താവരക്കരെ ഹോബ്ലിയിലെ ഹുലുകേനഹള്ളി ഗ്രാമത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സാധാരണക്കാരായ തൊഴിലാളികളുടെ ജീവനപഹരിച്ച ആ വൻ ദുരന്തമുണ്ടായത്.
ഏകദേശം 40 അടി ഉയരത്തിൽ നിന്ന് ഭീമാകാരമായ ഒരു പാറക്കല്ല്, പൊടിച്ച കല്ലുകൾ കയറ്റിക്കൊണ്ടിരുന്ന ട്രാക്ടറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് തൊഴിലാളികൾ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കിലോമീറ്ററുകളക്കപ്പുറം കേൾക്കാമായിരുന്ന ഡ്രില്ലിംഗ്, ബ്ലാസ്റ്റിംഗ് ശബ്ദങ്ങളാൽ എപ്പോഴും മുഖരിതമായിരുന്ന ഈ ക്വാറി മേഖലയിൽ അപകടത്തിന് പിന്നാലെ അസ്വാഭാവികമായ നിശബ്ദത പടർന്നു. കർണാടകയിലെ യാദ്ഗിർ, റായ്ച്ചൂർ എന്നിവിടങ്ങളിൽ നിന്നും ജാർഖണ്ഡ്, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ ക്വാറിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും.
രാവിലെ ഇരുപതോളം തൊഴിലാളികൾ ജോലിക്ക് എത്തിയിരുന്നതായും കുറച്ചുപേർ ഭക്ഷണം കഴിക്കുന്നതിനിടയിലും മറ്റുള്ളവർ കല്ലുകൾ ലോഡ് ചെയ്യുന്നതിനിടയിലുമാണ് മുകളിൽ നിന്ന് ഭീമാകാരമായ പാറക്കല്ല് അടർന്നു വീണതെന്നും തൊഴിലാളികൾ പറയുന്നു. ക്വാറിയിലുണ്ടായിരുന്ന തൊഴിലാളികൾക്ക് ഹെൽമെറ്റോ ഗ്ലൗസോ പോലുള്ള അടിസ്ഥാന സുരക്ഷാ ഉപകരണങ്ങൾ പോലും മാനേജ്‌മെന്റ് നൽകിയിരുന്നില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു.
അപകടസാധ്യത കൂടിയ മേഖലയായതിനാൽ ആ ഭാഗത്ത് (ബഫർ സോൺ) ജോലി ചെയ്യരുതെന്ന് ക്വാറി ഉടമ ഉദയശങ്കർ മുൻപ് നിർദ്ദേശം നൽകിയിരുന്നതായി ഒരു തൊഴിലാളി വെളിപ്പെടുത്തി. എന്നാൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കല്ലുകൾ എളുപ്പത്തിൽ ലോഡ് ചെയ്യാൻ സാധിക്കുമെന്നതിനാൽ കോൺട്രാക്ടർ തങ്ങളെ നിർബന്ധിച്ച് അവിടെത്തന്നെ ജോലിക്ക് നിയോഗിക്കുകയായിരുന്നുവെന്നും തൊഴിലാളി പറഞ്ഞു.
കുന്നിൻ ചരിവിലൂടെയുള്ള ദുർഘടമായ മൺപാതയിലൂടെ വേണമായിരുന്നു ക്വാറിയിലേക്ക് താഴേക്ക് ഇറങ്ങാൻ. നിത്യേന തൊഴിലാളികൾ ഉപയോഗിക്കുന്ന ഈ വഴിയിലെ പൊടിപടലങ്ങൾ മാറ്റാൻ അധികൃതർ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ അപകടസ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി ഡി കെ ശിവകുമാർ എത്തുമെന്ന വിവരത്തെ തുടർന്ന് റൂട്ടിൽ അടിയന്തരമായി വാട്ടർ ടാങ്കർ ഉപയോഗിച്ച് വെള്ളം തളിച്ചെങ്കിലും മുഖ്യമന്ത്രി എത്തിയില്ല.
അപകടവാർത്ത അറിഞ്ഞ് കിലോമീറ്ററുകൾക്കപ്പുറമുള്ള താമസസ്ഥലങ്ങളിൽ നിന്നും ഓടിയെത്തിയ തൊഴിലാളികൾ പ്രദേശം വിട്ടുപോകാൻ തയാറാകാതെ കുന്നിൻ മുകളിൽ നിലയുറപ്പിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ക്വാറിയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് തൊഴിലാളികൾ സങ്കടത്തോടെ പറഞ്ഞു. ഇത്തവണയെങ്കിലും ക്വാറി അധികൃതർക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം.










0 comments