വെനസ്വേലയിൽ പ്രതീക്ഷയുടെ അത്ഭുതം; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത് 8 ദിവസം, സെക്യൂരിറ്റി ഗാർഡിനെ രക്ഷപ്പെടുത്തി

വെനസ്വേലയിലെ ലാ ഗ്വൈറയിൽ ഇരട്ട ഭൂകമ്പത്തെത്തുടർന്ന് തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു | Photo Credit : Reuters
കരാക്കസ് : വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പം നടന്ന് എട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മധ്യവയസ്കനെ രക്ഷപ്പെടുത്തി. തകർന്നുവീണ വലിയ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എട്ട് ദിവസത്തോളം കുടുങ്ങിക്കിടന്ന 43കാരനായ സെക്യൂരിറ്റി ഗാർഡിനെയാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ദുരന്തഭൂമിയിൽ പ്രതീക്ഷയുടെ പ്രതീകമായി മാറിയ ഈ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായത്.
ലാ ഗ്വൈറ എന്ന തീരദേശ നഗരത്തിലെ ഗലേറിയാസ് പ്ലായ ഗ്രാൻഡെ ഷോപ്പിംഗ് മാളിന്റെ ബേസ്‌മെന്റിൽ നിന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ജൂൺ 24 മുതൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതേ മാളിലെ സെക്യൂരിറ്റി ജീവനക്കാരനായ ഹെർനാൻ ആൽബർട്ടോ ഗിൽ ഫ്ലോറസാണ് മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ഷോപ്പിംഗ് കോംപ്ലക്സിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുകയായിരുന്ന ഗിൽ ആദ്യത്തെ ശക്തമായ ഭൂചലനം ഉണ്ടാകുമ്പോൾ തന്റെ സെക്യൂരിറ്റി കാബിനുള്ളിലായിരുന്നു. ചുറ്റുമുള്ള കോൺക്രീറ്റ് മുഴുവൻ തകർന്നുവീണപ്പോഴും അദ്ദേഹത്തിന്റെ കാബിൻ തകരാതെ ഉറച്ചുനിന്നതാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ തുണയായത്. അവശിഷ്ടങ്ങൾ നേരിട്ട് പതിക്കാതെ ജീവൻ നിലനിർത്താൻ ആവശ്യമായ വായുസഞ്ചാരമുള്ള ഒന്നായിരുന്നു ഈ കാബിൻ.
കഴിഞ്ഞ ഞായറാഴ്ചയാണ് കോസ്റ്റാറിക്കൻ റെഡ് ക്രോസിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ഇദ്ദേഹത്തിന്റെ ജീവന്റെ ലക്ഷണങ്ങൾ കണ്ടെത്തുകയും ആദ്യമായി ബന്ധപ്പെടുകയും ചെയ്തത്. എന്നാൽ രക്ഷപെടാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് ഭയന്ന്, താൻ ജീവനോടെയുണ്ടെന്ന വിവരം ഭാര്യയെ അറിയിക്കരുതെന്ന് ഗിൽ രക്ഷാപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നതായി റെഡ് ക്രോസ് പ്രവർത്തകൻ പറഞ്ഞു.
ചിലിയിൽ നിന്നുള്ള ഫയർഫോഴ്‌സിന്റെ അർബൻ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമാണ് ഈ സങ്കീർണമായ രക്ഷാദൗത്യം ഏകോപിപ്പിച്ചത്. യുഎസ്, പോർച്ചുഗൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക വിദഗ്ദ്ധ സംഘങ്ങളുമായി ചേർന്ന് രാപ്പകലില്ലാതെ നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ ഗിലിനെ സുരക്ഷിതമായി പുറത്തെത്തിക്കാനായത്. നിലവിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.










0 comments