ad
Deshabhimani

കായലിലൂടെ ചിറകുവിരിച്ച്‌

sea plain
avatar
ഷെഹിൻഷാ

Published on Aug 06, 2026, 02:29 AM | 1 min read

കൊച്ചി


ആകാശത്തുനിന്ന് കായലിൽ വന്നിറങ്ങിയതാണോ ആ വെള്ള വിമാനം?. കായലോളങ്ങളെ കീറിമുറിച്ച് വരുന്ന വെളുത്ത വിമാനത്തെ ആരും നോക്കി പോകും. അടുത്ത് എത്തുമ്പോഴാണ് കാര്യം വ്യക്തമാകുക – വിമാനത്തിന്റെ രൂപത്തില്‍ നിർമിച്ച ഹൈ-സ്പീഡ് ബോട്ട് ‘ഗോഡ്സണ്‍' ആണ്‌ കായലിലൂടെ ചിറകുവിരിച്ച്‌ ‘പറക്കുന്നത്‌’.


മുളവുകാട് സ്വദേശിയായ 57കാരന്‍ ആൻസൺ ഡിസൂസയടേതാണീ ‘സീ പ്ലെയിൻ'. നിര്‍മാണത്തൊഴിലാളിയായ ആന്‍സണ് ചെറുപ്പം മുതലേ ബോട്ടുകളോട് വലിയ ആവേശമായിരുന്നു. അച്ഛന്‍ ബെന്നി ഡിസൂസയാണ് ആന്‍സന്റെ വഴികാട്ടി. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ‘സീ പ്ലെയിൻ' രൂപത്തിലൊരു ബോട്ട്‌ നിർമിക്കുകയെന്ന ആശയത്തിലെത്തിച്ചത്. ആകാശത്ത് പറക്കുന്ന വിമാനങ്ങൾ വെള്ളത്തിൽ തൊടുന്ന കാഴ്ച മനോഹരമായിരിക്കുമെന്ന് ആന്‍സണ്‍ ഉറപ്പിച്ചു. 45 ദിവസത്തെ പ്രയത്നത്തിനൊടുവിൽ ബോട്ട്‌ തയ്യാറാക്കി.


വിമാനത്തിന്റെ മുൻഭാഗം, വശങ്ങളിലെ ചിറകുകൾ, പുറകിലെ കൂർത്ത വാൽ എന്നിവയെല്ലാം സീ പ്ലെയിനിന് സമാനമായി നിർമിച്ചെടുത്തു. ഫൈബർ, സ്റ്റീല്‍, ഷീറ്റ് എന്നിവയാണ് പ്രധാനമായും നിര്‍മാണത്തിനായി ഉപയോഗിച്ചത്. പൈലറ്റിന്റെ അനുഭവം കിട്ടുന്ന രീതിയിലാണ് കോക്ക്പിറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഔട്ട്‌ബോർഡ് എൻജിന്‍ ഉപയോഗിച്ചിരിക്കുന്ന ബോട്ടിന് ഒരു ടൺ മാത്രമേ ഭാരമുള്ളൂ. എട്ടുപേര്‍ക്ക് സഞ്ചരിക്കാം. ബോള്‍ഗാട്ടി – കടമക്കുടി വിനോദസഞ്ചാര സാധ്യത‌ വര്‍ധിപ്പിക്കുകയെന്നതാണ് ആന്‍സന്റെ ലക്ഷ്യം. ബോട്ടിന് ലൈസന്‍സ് അനുവദിക്കാനായി ആന്‍സണ്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മുളവുകാട് പൊന്നാരിമംഗലം പുത്തന്‍തറ വീട്ടിലാണ് താമസം. ഭാര്യ: ജാസ്മിന്‍ ഡിസൂസ. മക്കള്‍ : ഗോഡ്സണ്‍, നെസി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home