ad
Deshabhimani

പരിശോധന പൂർത്തിയായെന്ന്‌ ഡിഡിഇ

ഫിറ്റ്‌നസില്ലാതെ 
പകുതിയിലേറെ സ്‌കൂളുകൾ

school fitness
വെബ് ഡെസ്ക്

Published on May 31, 2026, 12:51 AM | 1 min read

കൊച്ചി

പുതിയ അധ്യയനവർഷാരംഭത്തിന്‌ മണിക്കൂറുകൾമാത്രംശേഷിക്കെ തുറന്ന്‌ പ്രവർത്തിക്കാനാവശ്യമായ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാതെ ജില്ലയിലെ പകുതിയോളം സ്‌കൂളുകൾ. ഫിറ്റ്‌നസ്‌ പരിശോധനയ്‌ക്ക്‌ ആദ്യം പുറപ്പെടുവിച്ച ഉത്തരവിലെ കർശനനിർദേശങ്ങൾ നീക്കി പുതിയത്‌ പുറത്തിറക്കിയെങ്കിലും തുടർനടപടികൾക്ക്‌ ആവശ്യമായ സമയം ലഭിക്കാതെവന്നതാണ്‌ കാരണം. ഭ‍ൗതികസ‍ൗകര്യങ്ങൾ സുരക്ഷിതമാണെന്ന്‌ സാക്ഷിപ്പെടുത്തുന്ന ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകൾ തുറക്കാനാകില്ലെന്നതിനാൽ, അവസാന മണിക്കൂറിൽ ജില്ലയിലെ നാനൂറിലേറെ സ്‌കൂളുകളിലെ പ്രധാനാധ്യാപകരും മാനേജ്‌മെന്റും അങ്കലാപ്പിലാണ്‌.


കൊല്ലം തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി സ്‌കൂൾകെട്ടിടത്തിനുമുകളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്ന്‌ പുതിയ അധ്യയനവർഷംമുതൽ ഫിറ്റ്‌നസ്‌ പരിശോധന കർശനമാക്കിയുള്ള ഉത്തരവാണ്‌ ആദ്യം ഇറങ്ങിയത്‌. വനം, വൈദ്യുതി, അഗ്നിരക്ഷാ, ആരോഗ്യം, തദ്ദേശം എന്നീ അഞ്ച്‌ വകുപ്പുകളിൽനിന്നുള്ള പരിശോധനയും എൻഒസിയും നിർബന്ധമാക്കി. ഇതിലെ പ്രായോഗികപ്രയാസം കെഎസ്‌ടിഎ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന്‌, തദ്ദേശ അസി. എൻജിനീയറുടെയും ആരോഗ്യവിഭാഗത്തിന്റെയും പരിശോധനയ്‌ക്കുശേഷം ഫിറ്റ്‌നസ്‌ നൽകാമെന്ന പുതിയ ഉത്തരവ്‌ കഴിഞ്ഞ 13ന്‌ ഇറക്കി. ഇത്തരവുപ്രകാരമുള്ള ചെക്ക്‌ലിസ്‌റ്റിലെ 17 ഇനങ്ങൾ പരിശോധിച്ച്‌ അസി. എൻജിനീയറാണ്‌ സർട്ടിഫിക്കറ്റ്‌ നൽകേണ്ടത്‌.


നടപടികൾ ലഘൂകരിച്ചെങ്കിലും മുൻവർഷങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ചെക്ക്‌ലിസ്‌റ്റിൽ കൂടുതൽ പരിശോധന ഇനങ്ങൾ ഉൾപ്പെടുത്തിയപ്പോൾ അതിനാവശ്യമായ സമയം ലഭിച്ചില്ലെന്നതാണ്‌ സ്‌കൂളുകൾക്ക്‌ വിനയായത്‌. സ്കൂൾകെട്ടിടത്തിന്റെ ഉറപ്പ്‌, ചുറ്റുമതിലിന്റെ അവസ്ഥ, പരിസരത്തെ മരങ്ങളുടെയും ശിഖരങ്ങളുടെയും സ്ഥിതി, ശ‍ൗചാലയസ‍ൗകര്യം എന്നിവ ആരോഗ്യവിഭാഗവും അസി. എൻജിനീയറും നേരിട്ട് പരിശോധിക്കേണ്ടതുണ്ട്‌. ജില്ലയിൽ മുഴുവൻ സ്‌കൂളുകളിലും അതിന്റെ പരിശോധന പൂർത്തിയായെങ്കിലും സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ല.


ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും സ്‌കൂൾ തുറപ്പിനുമുന്പുതന്നെ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ. 95 അൺ എയ്‌ഡഡ്‌ സ്‌കൂളുകൾ ഉൾപ്പെടെ ജില്ലയിൽ ആകെയുള്ള 983 സ്‌കൂളുകളിലെയും ഫിറ്റ്‌നസ്‌ പരിശോധന ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കി. ഞായറാഴ്‌ച ഉൾപ്പെടെ പ്രവർത്തിച്ച്‌ പരമാവധി സ്‌കൂളുകൾക്ക്‌ സർട്ടിഫിക്കറ്റ്‌ ലഭ്യമാക്കാനാണ്‌ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home