കളിചിരികളുടെ അക്ഷരമുറ്റമുണരുന്നു

സ്കൂൾ തുറക്കലിന് മുന്നോടിയായി സ്കൂൾ കെട്ടിടത്തിൽ പെയിന്റിങ് ജോലികൾ പുരോഗമിക്കുന്നു . അയ്യപ്പൻകാവ് എസ്എൻ ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള ദൃശ്യം

സ്വന്തം ലേഖകൻ
Published on May 28, 2026, 02:06 AM | 1 min read
കൊച്ചി
വേനലവധിയോട് വിടചൊല്ലി വീണ്ടുമൊരു അധ്യയനവർഷം പടിവാതിൽക്കലെത്തിനിൽക്കുന്നു. ---ദിവസങ്ങൾമാത്രം ശേഷിക്കെ ജില്ലയിലെ വിദ്യാലയങ്ങൾ വീണ്ടും കുരുന്നുകളുടെ ചിരിയൊച്ചകളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്.
പല വർണങ്ങളിലുള്ള ബെഞ്ചുകളും ഡസ്‌കുകളും ക്ലാസ് മുറികളിൽ നിരന്നുകഴിഞ്ഞു. ബ്ലാക്ക് ബോർഡുകൾ പോയവർഷത്തെ കുട്ടിക്കുറുമ്പോർമകൾ തുടച്ചുനീക്കി പുതിയ അക്ഷരവർണങ്ങൾക്കായി കാത്തിരിക്കുന്നു. പൂന്തോട്ടങ്ങൾ മുഖംമിനുക്കി പുതുമണവും പച്ചപ്പും നിറയ്ക്കുന്നു. കുരുന്നുകളുടെ പുതിയ സ്വപ്‌നങ്ങൾക്ക് വർണാഭമായ ഇടമൊരുക്കുകയാണ് ചിത്രങ്ങൾ നിരന്ന ഓരോ ക്ലാസ്‌മുറിയും.
ജൂൺ ഒന്നിനാണ് ക്ലാസ് തുടങ്ങുന്നത്.
പ്രവേശനോത്സവങ്ങൾ ചെലവ് ചുരുക്കി നടത്തണമെന്ന സർക്കാർ നിർദേശം വന്നിട്ടുണ്ടെങ്കിലും അക്ഷരമുറ്റത്തേക്കുള്ള ആദ്യചുവടിനെക്കാൾ വലിയ ആഘോഷം മറ്റൊന്നില്ലെന്നാണ് അധ്യാപകരുടെ നിലപാട്. ആദ്യമായെത്തുന്ന കുട്ടികളുടെ ഭയം മാറാൻ കഴിഞ്ഞ വർഷങ്ങളിൽ പ്രവേശനോത്സവങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പുതിയ ഇടത്തെ കൗതുകത്തോടെ നോക്കിക്കാണാനും സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കാനും പ്രവേശനോത്സവങ്ങൾ സഹായകമായി. അതിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കാനുള്ള പുതിയ സർക്കാരിന്റെ നീക്കം വിദ്യാലയങ്ങൾ കൈവരിച്ച മികവിനെ പുറകോട്ടടിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്.
ക്ലാസ് മുറികളിലും മതിലുകളിലും ചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്ന പണികൾ നേരത്തെ ആരംഭിച്ചിരുന്നു. സ്‌കൂള്‍ കെട്ടിടങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തി, തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് കെഇആര്‍ പ്രകാരമുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് നിർദേശമുണ്ട്. കളിസ്ഥലങ്ങളിലെയും സമീപപ്രദേശങ്ങളിലെയും കാടുവെട്ടി വൃത്തിയാക്കണം. ഇഴജന്തുക്കൾ അടക്കമുള്ളവയുടെ അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലെടുക്കണം, ഉപയോഗശൂന്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും സ്‌കൂള്‍ പരിസരത്തുനിന്ന് നീക്കണം, ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പുവരുത്തണം, ശുദ്ധമായ കുടിവെള്ളവും കിണറുകൾക്ക് സംരക്ഷണഭിത്തിയും ഉറപ്പാക്കണം തുടങ്ങിയ മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു.









0 comments