സംസ്‌കൃത സർവകലാശാല
വിദ്യാർഥി സമരം അനാവശ്യം; ലഹരിവിമുക്ത ക്യാമ്പസ് ഉറപ്പാക്കും

കാലടി
സംസ്‌കൃത സർവകലാശാല ലഹരിവിമുക്തമാണെന്ന് ഉറപ്പാക്കാൻ ഇറക്കിയ ഉത്തരവിനെതിരെ ഒരുവിഭാഗം വിദ്യാർഥികൾ നടത്തുന്ന സമരം അനാവശ്യമാണെന്ന് സർവകലാശാല. ക്യാമ്പസിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മികച്ച അക്കാദമിക അന്തരീക്ഷം ഉറപ്പുവരുത്താനും അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും സഹകരണത്തോടെ മുന്നോട്ടുപോകുമെന്നും അധികൃതർ അറിയിച്ചു.
ക്യാമ്പസിലേക്ക് രാത്രി അപരിചിത വാഹനങ്ങളും ക്യാമ്പസുമായി ബന്ധമില്ലാത്തവരും വരുന്നതും തമ്പടിക്കുന്നതും അവസാനിപ്പിക്കാനും ഹോസ്റ്റലിൽ വിദ്യാർഥികൾ അല്ലാത്തവർ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിരവധിതവണ നടപടി സ്വീകരിച്ചതാണ്. എന്നാൽ, ഒരുവിഭാഗം വിദ്യാർഥികൾ തീരുമാനങ്ങളെ അട്ടിമറിക്കാനാണ് ശ്രമിച്ചതെന്നും സർവകലാശാല വ്യക്തമാക്കി.
സർവകലാശാല അധികൃതർ, പൊലീസ്, എക്സൈസ് എന്നിവയുടെ നേതൃത്വത്തിൽ മാർച്ചിൽ നടത്തിയ യോഗത്തിൽ തീരുമാനങ്ങൾ വിജയിപ്പിക്കാൻ സഹകരിക്കാമെന്ന് വിദ്യാർഥി പ്രതിനിധികൾ ഉറപ്പുനൽകിയിരുന്നു. സിൻഡിക്കറ്റ് ഉപസമിതിയും മറ്റു വിഭാഗങ്ങളും കൂടിയാലോചിച്ചാണ് പുതിയ ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ചത്.
സിൻഡിക്കറ്റ് തീരുമാനങ്ങൾ ശക്തമായി നടപ്പാക്കും. ലഹരിവിരുദ്ധ ക്യാമ്പസും അച്ചടക്കവും ഉറപ്പാക്കും. സർവകലാശാല ഹോസ്റ്റലിലെ പ്രവേശന ഫീസ് 100 രൂപയാണ്.
ഹോസ്റ്റൽ വിദ്യാർഥികളുടെ മാസവാടക 150 രൂപയുമാണ്. ഹോസ്റ്റലിൽ ഗസ്റ്റായി താമസിക്കുന്ന വിദ്യാർഥികളിൽനിന്ന് ദിവസം 100 രൂപയാണ് ഈടാക്കുന്നത്. കോഷൻ ഡിപ്പോസിറ്റ് തുക കുട്ടികൾക്ക് മടക്കിനൽകും. ഹോസ്റ്റൽ ഫീസുമായി ബന്ധപ്പെട്ട് വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്. സമരപ്രഖ്യാപന നോട്ടീസോ പരാതിയോ നൽകാതെ രാത്രി സർവകലാശാല മുഖ്യകവാടത്തിൽ അനുവാദമില്ലാതെ ഒരുവിഭാഗം ഉപരോധം സംഘടിപ്പിക്കുകയായിരുന്നു. അച്ചടക്കലംഘനം നടത്തിയ 22 വിദ്യാർഥികൾക്കെതിരെ മെമ്മോ നൽകിയിട്ടുണ്ടെന്നും സർവകശലാശല അധികൃതർ അറിയിച്ചു.










0 comments