സംസ്‌കൃത സർവകലാശാല ഭരണ പരിഷ്കാരം ; വിദ്യാർഥിപ്രശ്‌നങ്ങൾക്ക് പരിഹാരമായി

കാലടി
സംസ്കൃത സർവകലാശാലയിലെ പുതിയ ഭരണപരിഷ്‌കാരങ്ങളിൽ വിദ്യാർഥികൾ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടന്ന സമരം പിൻവലിച്ചതായും സിൻഡിക്കറ്റ് അംഗം കെ എസ് അരുൺകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്‌കൃത സർവകലാശാലയെ രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയാക്കി മാറ്റുമെന്നും അരുൺകുമാർ പറഞ്ഞു.
പരിഷ്‌കാരങ്ങളിൽ ചില വിഷയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് എസ്‌എഫ്‌ഐ സമരം നടത്തിയിരുന്നു. സിൻഡിക്കറ്റുമായി നടത്തിയ ചർച്ചയിൽ അവ പരിഹരിച്ചു. സർവകലാശല പൊതുഗേറ്റ് രാത്രി 11നും ഹോസ്റ്റൽ ഗേറ്റ് 7.30നും അടയ്‌ക്കും. പാർട്ട് ടൈം ജോലിക്കു പോകുന്നവർക്ക് ഇളവു ലഭിക്കും. സർവകാലാശാലയുടെ - പൊതുവായനശാലയിൽ പേര് രേഖപ്പെടുത്തി 24 മണിക്കൂറും ഉപയോഗിക്കാം. സർവകലാശാലയുടെ വിനോദസഞ്ചാര സാധ്യത പരാമവധി പ്രയോജനപ്പെടുത്തും. എൻജിനിയറിങ് വിഭാഗവുമായി സഹകരിച്ച് അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കും. ഇതിനായി 10 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചു. ഫീസ് വർധന ഒഴിവാക്കി.
പകലും രാത്രിയും പുറുത്തുനിന്നുള്ളവരുടെ തള്ളിക്കയറ്റം അവസാനിപ്പിച്ചു. അധ്യാപകരുടെയും അനധ്യാപകരുടെയും സേവനങ്ങൾ മികച്ച രീതിയിൽ ഉറപ്പുവരുത്തും. തിയറ്റർ, ഫൈൻ ആർട്സ്, സംഗീതം, ഡാൻസ് വകുപ്പുകളെ ഏകോപിപ്പിച്ചാണ് പൈതൃക ടൂറിസം ക്യാമ്പസ് പദ്ധതി നടപ്പാക്കുക. അസാപും നോളജ് മിഷനുമായി ചേർന്ന് ഹൃസ്വകാല കോഴ്സ് തുടങ്ങും.
യുജി വിദ്യാർഥികളുടെ ഹോസ്റ്റൽ സമയം രാത്രി 7.30 വരെയാണ്. അവശ്യ സാഹചര്യം ഉണ്ടെങ്കിൽ 9.30 വരെ രജിസ്റ്ററിൽ പേര് രേഖപ്പെടുത്തി പുറത്തുപോകാൻ അനുമതി നൽകും. പിജി വിദ്യാർഥികളുടെ ഹോസ്റ്റൽ സമയം 9.30 വരെയാക്കും. ക്യാമ്പസിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് അനുമതിയോടെ കൂടുതൽ സമയം അനുവദിക്കും. ഗവേഷകർക്ക് രാത്രി 11നുശേഷവും റീഡിങ് റൂം ഉപയോഗിക്കാം. ഗവേഷകരുടെ വിഷയങ്ങൾ ചർച്ചചെയ്യാൻ 23ന് യോഗം ചേരും.
സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. വി ലിസി മാത്യു, ഡോ. എം സത്യൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments