സംസ്‌കൃത സർവകലാശാല പൊലീസ് സംരക്ഷണം തേടി

കാലടി
മുഖ്യ ക്യാമ്പസിൽ അച്ചടക്കം ഉറപ്പുവരുത്താനും ലഹരിവിമുക്ത ക്യാമ്പസാക്കി മാറ്റാനുമായി ഇറക്കിയ ഉത്തരവിനെതിരെ ഒരുവിഭാഗം വിദ്യാർഥികൾ തുടരുന്ന സമരത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്കൃത സർവകലാശാല പൊലീസ് സംരക്ഷണം തേടി. ജില്ലാ പൊലീസ് മേധാവിക്കും കാലടി എസ്‌എച്ച്‌ഒയ്‌ക്കുമാണ് രജിസ്ട്രാർ കത്ത് നൽകിയത്. ജൂലൈ ഒന്നിലെയും എട്ടിലെയും ഉത്തരവുകൾ കൃത്യമായി നടപ്പാക്കാൻ സർവകലാശാലയ്ക്കും ഉദ്യോഗസ്ഥർക്കും സംരക്ഷണം നൽകണമെന്നും രാത്രി 11ന് സർവകലാശാലയുടെയും ഹോസ്റ്റലുകളുടെയും കവാടങ്ങൾ അടയ്ക്കാൻ പൊലീസ് ഇടപെടണമെന്നുമാണ് ആവശ്യം.
ആശങ്കകൾ പരിഹരിക്കപ്പെട്ടശേഷവും രാത്രി കവാടങ്ങൾ തുറന്നിട്ട് വിദ്യാർഥികൾ സമരം തുടരുന്നത് സർവകലാശാലയെയും വിദ്യാർഥികളെയും തകർക്കാൻ ശ്രമിക്കുന്ന ലഹരിമാഫിയക്ക് സഹായകരമാകും.
സിൻഡിക്കറ്റ് ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 12 നിബന്ധനകൾ അടങ്ങുന്ന ഉത്തരവ് ജൂലൈ ഒന്നിന് നടപ്പിലാക്കി. ഇതിനെതിരെ ഒരുവിഭാഗം വിദ്യാർഥികൾ സമരം ആരംഭിച്ചപ്പോൾ അധ്യാപക, അനധ്യാപക - വിദ്യാർഥി പ്രതിനിധികളുമായി ചർച്ചകൾ നടത്തി ഉത്തരവിലെ മൂന്ന് ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തി പുതിയ ഉത്തരവ് ഇറക്കി. ഇതുപ്രകാരം രാത്രി 11ന് സർവകലാശാലയുടെ മുഖ്യകവാടം അടയ്ക്കും.
ഹോസ്റ്റലിലേക്കുള്ള പ്രവേശനവും 11ന് അവസാനിപ്പിക്കണം. എന്നാൽ, ഈ ഉത്തരവ് നടപ്പാക്കാൻ അനുവദിക്കാതെ മുഖ്യകവാടത്തിലും ഹോസ്റ്റൽ കവാടങ്ങളിലും അനാവശ്യമായി വിദ്യാർഥികളെ സംഘടിപ്പിച്ച് ഒരുവിഭാഗം വിദ്യാർഥികൾ അച്ചടക്കലംഘനം നടത്തുന്നു. ഇതിന് പുറത്തുനിന്നുള്ളവരുടെ പിന്തുണയുണ്ട്.
സർവകലാശാലയുമായി ബന്ധമില്ലാത്ത നിരവധി പേർ ക്യാമ്പസിലെ ഹോസ്റ്റലുകളിൽ അനധികൃതമായി താമസിക്കുന്നുണ്ട്. ഒരുവിഭാഗം വിദ്യാർഥികൾ ബാഹ്യശക്തികളുടെ പിന്തുണയോടെ നടത്തുന്ന സമരം അനാവശ്യവും സർവകലാശാലയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതുമാണെന്നും അധികൃതർ വ്യക്തമാക്കി.










0 comments