വടക്കേക്കരയിലെ മണൽക്കൊള്ള: യഥാർഥ പ്രതികളെ പിടികൂടണം

മണൽക്കൊള്ളയിലെ യഥാർഥ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് വടക്കേക്കര പൊലീസ് സ്റ്റേഷനുമുന്നിൽ ജനപ്രതിനിധികൾ നടത്തിയ സമരം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് ഉദ്ഘാടനം ചെയ്യുന്നു
വടക്കേക്കര
ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ മറവിൽ മേജർ ഇറിഗേഷൻവകുപ്പിന്റെ വ്യാജ പാസ് ഉപയോഗിച്ച് വടക്കേക്കരയിൽ നടന്ന മണൽക്കൊള്ളയിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ വടക്കേക്കര പൊലീസ് സ്റ്റേഷനുമുന്നിൽ സമരം നടത്തി.
കോൺഗ്രസ് നേതാവായ ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഭർത്താവാണ് മണൽക്കടത്തിന് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പഞ്ചായത്ത് ഭരണസമിതി പരാതി നൽകിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും ജനപ്രതിനിധികൾ ആരോപിച്ചു.
എന്നാൽ, പഞ്ചായത്തിന്റെ മണൽക്കടവിലെ മണൽഖനനവും വിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വ്യാജപ്രചാരണം നടത്തുകയാണ്. ഇവിടെ പാസുകൾ നൽകുന്നത് പൂർണമായും തുറമുഖവകുപ്പാണ്. പഞ്ചായത്തിന് ഇതിൽ നേരിട്ട് ബന്ധമില്ല. അനുവദനീയമായ 10 ടണ്ണിന് പകരം 15 ടൺ മണൽ കൊണ്ടുപോകുന്നുവെന്ന കോൺഗ്രസ് ആരോപണം തെറ്റാണ്. അങ്ങിനെ മണൽ കൂടുതൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ അത് കണ്ടെത്തി നിയമനടപടി സ്വീകരിക്കേണ്ടത് പൊലീസാണെന്നും കെ എസ് സനീഷ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ദിവ്യ സനിൽകുമാർ അധ്യക്ഷയായി. കെ ബിൻഷാദ്, സിന്ധു മനോജ്, അഖിൽ ബാവച്ചൻ, അച്ചു രഞ്ജൻ, മിനി രാജപ്പൻ, ശാലി സുനിൽ, ടി കെ അശോകൻ, സി വി വിജയ, വി ഡി മിനി എന്നിവർ സംസാരിച്ചു.









0 comments