ഗാർഹിക പാചകവാതകം
പുതിയ കണക്ഷൻ നൽകാതെ കേന്ദ്രം

കോട്ടയം
പശ്‌ചിമേഷ്യൻ സംഘർഷത്തിനുപിന്നാലെ പുതിയ ഗാർഹിക പാചകവാതക കണക്ഷനുകൾ നൽകുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കാതെ കേന്ദ്ര സർക്കാർ. പാചകവാതകം എത്തിക്കുന്നതിലെ പ്രതിസന്ധിയിൽ അയവുവന്നെങ്കിലും പുതിയ കണക്ഷനുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കിയില്ല. ഏഴ് മാസമായി പുതിയ കണക്ഷനുകൾ നൽകാത്തതോടെ ജില്ലയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ. 3000 രൂപ കൊടുത്ത് വാണിജ്യ സിലണ്ടറുകൾ വാങ്ങേണ്ട അവസ്ഥയിലാണ് നിരവധി കുടുംബങ്ങൾ. ഓൺലൈനായി പുതിയ പാചകവാതക കണക്ഷന് അപേക്ഷിക്കാനുള്ള പോർട്ടലും നിശ്ചലമാണ്. കണക്ഷൻ നൽകുന്നത് എന്ന് പുനരാരംഭിക്കുമെന്ന ചോദ്യത്തിന് കമ്പനികൾ വ്യക്തമായ മറുപടി നൽകുന്നില്ല. രണ്ടാം സിലിണ്ടറിനുള്ള അപേക്ഷകളും പരിഗണിക്കുന്നില്ല. പുതിയ കണക്ഷനുകൾ നൽകാനുള്ള വൺവേ സിലിണ്ടറുകൾ കന്പനികൾ ഏജൻസികൾക്ക് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. സാധാരണ ഓരോ ഗ്യാസ് ഏജൻസിക്കും പുതിയ കണക്ഷനുകൾ അനുവദിക്കാനായി നിശ്‌ചിത ശതമാനം സിലിണ്ടറുകൾ എല്ലാ മാസവും എണ്ണക്കന്പനികൾ അനുവദിക്കാറുണ്ട്. പുതിയ കണക്ഷനുകൾക്ക് സിലിണ്ടർ നൽകുന്നത് കന്പനികൾ നിർത്തിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഇടപെടലുണ്ടെങ്കിലേ കന്പനികൾ ഏജൻസികൾക്ക് ആവശ്യമായ സിലിണ്ടറുകൾ അനുവദിക്കൂ. ജില്ലയിലേക്ക് സ്ഥലം മാറിവന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, പഠന ആവശ്യങ്ങൾക്കായി താമസം മാറിയെത്തിയ വിദ്യാർഥികൾ, പുതുതായി വീട് നിർമിച്ച് താമസം ആരംഭിച്ചവർ തുടങ്ങിയവരാണ് പുതിയ കണക്ഷനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്. ജോലിക്കായി എത്തുന്ന അതിഥി തൊഴിലാളികളും പുതിയ കണക്ഷൻ കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു എൽപിജി ബുക്കിങ് ഇടവേള. പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഏർപ്പെടുത്തിയ, സിലിണ്ടർ ബുക്കിങ് നിയന്ത്രണത്തിൽ നിലവിൽ ഇളവ് വരുത്തിയിട്ടുണ്ട്. റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള കാലയളവ് ഗ്രാമ നഗര വ്യത്യാസമില്ലാതെ 25 ദിവസമാക്കി. പുതിയ കണക്ഷൻ നൽകുന്നതിലെ നിയന്ത്രണം തുടരുകയാണ്.









0 comments