ad
Deshabhimani

ശബരി റെയിൽപ്പാതയ്‌ക്ക്‌ പച്ചക്കൊടി

ജില്ലയ്‌ക്ക്‌ കുതിക്കാൻ 
പുതുപാത

sabari
വെബ് ഡെസ്ക്

Published on Feb 06, 2026, 03:01 AM | 2 min read


കൊച്ചി

എൽഡിഎഫ്‌ സർക്കാരിന്റെ വികസന പ്രതിബദ്ധതയുടെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ ശബരി റെയിൽപ്പാതയ്‌ക്ക്‌ പച്ചക്കൊടി. വർഷങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ തെളിയുന്നത്‌ ജില്ലയുടെ കുതിപ്പിനുള്ള പുതുവഴി. 1997ൽ റെയിൽവേ ബോർഡും കേന്ദ്ര സർക്കാരും അംഗീകാരം നൽകിയ പദ്ധതി ഇത്രകാലം വൈകിയത്‌ യുപിഎ, ബിജെപി സർക്കാരുകൾ കേരളത്തോട്‌ തുടർന്നുപോന്ന അവഗണന ഒന്നുകൊണ്ടുമാത്രം. രാജ്യത്താദ്യമായി സംസ്ഥാന സർക്കാർ ധനപങ്കാളിത്തം വഹിച്ച്‌ നിർമിക്കുന്ന റെയിൽ പദ്ധതികൂടിയാകും ഇത്‌.


sabari rail


അങ്കമാലിയിൽനിന്ന്‌ ആരംഭിക്കുന്നതാണ്‌ പദ്ധതി. അങ്കമാലിക്കുപുറമെ കാലടി, പെരുന്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം എന്നിവയാണ്‌ ജില്ലയില മറ്റു സ്‌റ്റേഷനുകൾ. 2006–11 കാലയളവിലെ എൽഡിഎഫ്‌ സർക്കാരിന്റെ ഇടപെടലിലാണ്‌ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്‌. അങ്കമാലിമുതൽ കാലടിവരെ ഏഴു കിലോമീറ്ററിൽ ട്രാക്ക്‌, കാലടിയിൽ റെയിൽവേ സ്‌റ്റേഷൻ, പെരിയാറിന്‌ കുറുകെ പാലം എന്നിവ നിർമിച്ചിരുന്നു. ജില്ലയിലെ 152 ഹെക്ടറിൽ 24.40 ഹെക്ടർ നേരത്തേ ഏറ്റെടുത്തു. പദ്ധതി അനന്തമായി നീണ്ടതോടെ ഇവിടങ്ങളിലെ നിരവധി കുടുംബങ്ങൾ പ്രയാസത്തിലായി. ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ വീടുകൾ പുനർനിർമിക്കാനോ കഴിയാതെ വിഷമിച്ചു. ഇ‍ൗ അവസ്ഥയ്‌ക്കും ഇനി മാറ്റംവരും.​


sabari rail
കാലടി റെയിൽവേ സ്‌റ്റേഷൻ പണി പ‍ൂർത്തിയായാൽ (എഐ ചിത്രം)


വ്യവസായം, കാർഷിക, ടൂറിസം മേഖലകൾക്കും കരുത്താകും

പെരുമ്പാവൂർ മേഖലയിലെ അരി, തടി, പ്ലൈവുഡ് വ്യവസായങ്ങൾ, കോതമംഗലത്തെ ഫർണിച്ചർ, മൂവാറ്റുപുഴ വാഴക്കുളത്തെ പൈനാപ്പിൾ കൃഷി, തോട്ടം കൃഷികൾ എന്നിവയ്‌ക്ക്‌ പദ്ധതി ഏറെ ഗുണകരമാകും. ടൂറിസം മേഖലയുടെ വളർച്ചയ്‌ക്കും പ്രയോജനപ്രദമാകും. ശബരിമല തീർഥാടകരും കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരുമെല്ലാം പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന അങ്കമാലി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ പട്ടണങ്ങളിലെ യാത്രാക്കുരുക്കഴിയും. മൂന്നാർ, തേക്കടി, ഗവി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മലയാറ്റൂർ പള്ളി, കാലടി ആദിശങ്കര ക്ഷേത്രം, കാഞ്ഞൂർ സെന്റ്‌ സെബാസ്‌റ്റ്യൻ പള്ളി, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, ഭരണങ്ങാനം പള്ളി, കോതമംഗലം ബാവാ പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. ജില്ലയിലെ പ്രധാന തീർഥാടനകേന്ദ്രങ്ങളെ ഉൾപ്പെടുത്തിയുള്ള തീർഥാടക സർക്യൂട്ടിനുള്ള സാധ്യതയുമുണ്ട്‌. 3800.9 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമാണത്തിന്‌ 1900 കോടി രൂപയാണ്‌ സംസ്ഥാനം ചെലവിടുക.


ഇടുക്കി റെയിൽവേ ഭൂപടത്തിൽ

111 കിലോമീറ്റർ അങ്കമാലി-–എരുമേലി ശബരി റെയിൽപ്പാതയിൽ 14 സ്റ്റേഷനുകളാണുള്ളത്‌. റെയിൽവേ ഭൂപടത്തിൽ ഇടുക്കി ജില്ലയെ എത്തിക്കുന്ന പദ്ധതികൂടിയാണിത്. കാലടി സ്റ്റേഷനും ആറുകിലോമീറ്റർ പാതയും മാത്രമാണ്‌ ഇതുവരെ പൂർത്തിയായത്‌. അങ്കമാലി, കാലടി, പെരുന്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെയാണ്‌ 14 സ്‌റ്റേഷന്‍.


വർഷങ്ങളുടെ ബുദ്ധിമുട്ടിന്‌ പരിഹാരമാകും

‘‘ഇരുപത്തഞ്ച്‌ വർഷമായി തുടരുന്ന ബുദ്ധിമുട്ട്‌. സ്വന്തം സ്ഥലം ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ.’’ ശബരി റെയിലിനായി സ്ഥലം വിട്ടുകൊടുത്ത പെരുന്പാവൂർ കാഞ്ഞിരക്കാട്‌ കാരിപ്പറയിൽ വീട്ടിൽ കെ ഒ ബേബി പറയുന്നു. പദ്ധതിയുടെ പകുതി ചെലവിനുള്ള തുക നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌ ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്ന്‌ കാലടിയിൽ സെയിൽസ്‌ എക്‌സിക്യൂട്ടീവായി ജോലിനോക്കുന്ന ബേബി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട്‌ ബേബിയുടെ എട്ട്‌ സെന്റും വീടുമാണ്‌ ഏറ്റെടുക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home