ശബരി റെയിലിന് അവഗണന
അലയടിച്ചു പ്രതിഷേധം

ശബരി റെയിൽ പദ്ധതി അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ശബരി റെയില്‍ പദ്ധതി അട്ടിമറിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ മലയോര ജനതയുടെ ചെറുത്തുനില്‍പ്പായി സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം. നൂറുകണക്കിനാളുകൾ ജില്ലയുടെ കിഴക്കന്‍പ്രദേശങ്ങളില്‍നിന്ന് പ്രതിഷേധത്തില്‍ പങ്കുചേരാനെത്തി. സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറുശതമാനം ആത്മാര്‍ഥതയോടെ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ തുടരാതെ അവയ്ക്ക് തുരങ്കംവയ്‌ക്കുന്ന നിലപാടാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് എസ് സതീഷ് പറഞ്ഞു. നാടിന്റെ വികസനത്തില്‍ വലിയപങ്കുവഹിച്ച കിഫ്ബിയുണ്ടായിരുന്നതുകൊണ്ടാണ് ശബരി റെയില്‍ പദ്ധതിയടക്കം യാഥാര്‍ഥ്യമാകും എന്ന് നാം വിശ്വസിച്ചിരുന്നത്. ആ പദ്ധതിയെയാണ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അട്ടിമറിക്കുന്നത്. യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തിലും യുഡിഎഫ് കേരളത്തിലും ഭരിച്ചപ്പോഴും ശബരി പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയെടുത്തില്ല. ശബരി പദ്ധതിക്കായോ നാടിനായോ ഡീന്‍ കുര്യാക്കോസ് എംപി ഇടപെടുന്നില്ലെന്നും എസ് സതീഷ് പറഞ്ഞു.
1997ല്‍ 515 കോടി രൂപയ്ക്ക് പൂര്‍ത്തിയാകും എന്ന് വിശ്വസിച്ച പദ്ധതിയാണ് ഇന്ന് 3000 കോടിയിലെത്തി നില്‍ക്കുന്നതെന്ന് മുൻ എംപി ജോയ്സ് ജോര്‍ജ് പറഞ്ഞു. 1998ല്‍ ശബരി പദ്ധതിക്കായി കല്ലിട്ട് പോയ പറമ്പുകളില്‍ ആളുകള്‍ക്ക് വീടു പണിയാനോ ഉള്ള വീട് പുതുക്കി പണിയാനോപോലും സാധിക്കുന്നില്ലെന്നും വികസനപ്രശ്നത്തിനൊപ്പം സാമൂഹിക പ്രശ്നംകൂടിയാണ് പദ്ധതിയെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആര്‍ മുരളീധരന്‍ അധ്യക്ഷനായി. പുഷ്പ ദാസ്, ആര്‍ അനില്‍ കുമാര്‍, കെ കെ ഷിബു, പി എം ഇസ്മയില്‍, ആന്റണി ജോണ്‍, കെ എ ജോയി, എ എ അന്‍ഷാദ്, അനീഷ് എം മാത്യു എന്നിവർ സംസാരിച്ചു.










0 comments