സീപോർട് എയർപോർട്ട് റോഡ് ടെൻഡറിലേക്ക്
എച്ച്എംടി ജങ്‌ഷൻ–എൻഎഡി തൊരപ്പ് റോഡ് നവീകരണം ഉടൻ

നിലവിലെ എൻഎഡി–തൊരപ്പ് റോഡ്
കളമശേരി
പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ എച്ച്എംടി ജങ്‌ഷൻ–എൻഎഡി തൊരപ്പ് റോഡ് വീതികൂട്ടി നവീകരിക്കുന്നത് ഉടൻ ആരംഭിക്കും. സീപോർട്ട്– എയർപോർട്ട് റോഡ് നിർമാണത്തിന് എൻഎഡിയുടെ സ്ഥലം ലഭ്യമാക്കുന്നതിനായി ഒപ്പുവച്ച ധാരണപത്രത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ പണമനുവദിച്ച് റോഡ് നവീകരിക്കുന്നത്.
റോഡ് പ്രതിരോധവകുപ്പിന്റേതായതിനാൽ പരിപാലനവും എൻഎഡി ചെയ്യേണ്ടതായിരുന്നു. എന്നാൽ, വർഷങ്ങളായി അറ്റകുറ്റപ്പണികൾ നിലച്ചതോടെ ഇതിലൂടെയുള്ള യാത്ര തീരാദുരിതത്തിലായി. വലിയതോതിൽ മാലിന്യവും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പണമനുവദിച്ച് ആധുനികനിലവാരത്തിൽ റോഡ് നവീകരിക്കാൻ ധാരണയായത്. സീപോർട്ട്– എയർപോർട്ട് റോഡ് നിർമാണത്തിന് 23.11 കോടി രൂപ സംസ്ഥാന സർക്കാർ നൽകി എൻഎഡിയുടെ 2.4967 ഹെക്ടർ ഭൂമി ലഭ്യമാക്കിയിരുന്നു. ഇതിനൊപ്പമാണ് തൊരപ്പ് റോഡ് നിർമാണവും ഏറ്റെടുത്തത്. എച്ച്എംടി ഭൂമിക്കായി സുപ്രീംകോടതി നിർദേശമനുസരിച്ച് 37.91 കോടി രൂപ സംസ്ഥാന സർക്കാർ ബാങ്കിൽ നിക്ഷേപിച്ചു. ഇതോടെ എൻഎഡിയും എച്ച്എംടിയും ഭൂമി, നിർമാണച്ചുമതലയുള്ള ആർബിഡിസികെയ്ക്ക് കൈമാറി. ഒരാഴ്ചക്കുള്ളിൽ സാങ്കേതികാനുമതി നേടി ടെൻഡറിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ സീപോർട്ട്–എയർപോർട്ട് റോഡ് രണ്ടാംഘട്ടം പ്രവർത്തനം ആരംഭിക്കുകയായി.
എൻഎഡി തൊരപ്പ് റോഡ് നവീകരണത്തിന് 17.68 കോടി രൂപയാണ് അനുവദിച്ചത്. 5.5 മീറ്റർ വീതിയിൽ റോഡ് നിർമാണം, ചുറ്റുമതിൽ നിർമാണം. വൈദ്യുത, ടെലിഫോൺ പോസ്റ്റുകൾ മാറ്റിസ്ഥാപിക്കൽ എന്നിവ ഇതിലുൾപ്പെടും. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് നിർമാണച്ചുമതല. കിറ്റ്കോ നോഡൽ ഏജൻസിയായി രൂപരേഖ തയ്യാറാക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര പ്രതിരോധവകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന റോഡ് ഇതോടെ ആധുനികനിലവാരത്തിൽ നവീകരിക്കാൻ വഴിയൊരുങ്ങി. പ്രദേശത്തേക്ക് നല്ല റോഡ് വേണമെന്ന നാട്ടുകാരുടെ ആവശ്യമാണ് സാക്ഷാൽക്കരിക്കുന്നത്.










0 comments