അറ്റകുറ്റപ്പണിക്ക് റോഡ് അടച്ചതിനും കുസാറ്റിൽ കോൺഗ്രസിന്റെ സമരം

കളമശേരി
കുസാറ്റ് ക്യാന്പസിൽ സമരനാടകവുമായി കോൺഗ്രസ് പ്രവർത്തകർ. അറ്റകുറ്റപ്പണിക്കുവേണ്ടി റോഡ് അടച്ചതിനെതിരെയാണ് സമരവുമായി പ്രവർത്തകരെത്തിയത്. കുസാറ്റ് സ്റ്റേഡിയത്തിനുസമീപത്തെ 40 മീറ്റർ ടാർ റോഡ് ഇന്റർലോക്ക് കട്ടവിരിച്ച് നവീകരിക്കുന്നതിനായി ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു. കുസാറ്റ് എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു ജോലി കരാർ നൽകിയത്. മണ്ണോപ്പിള്ളി ബൈലെയ്‌ൻ റോഡ്, പൈപ്പ്‌ലൈൻ റോഡ് എന്നിവ വഴി വാഹനഗതാഗതം തിരിച്ചുവിട്ടാണ് ജോലി തുടങ്ങിയത്.
ഒരാഴ്ചകൊണ്ട് അവസാനിക്കേണ്ട ജോലിയുടെ അവസാനഘട്ട പരിശോധനയിൽ നിഷ്കർഷിച്ചതിലും കുറഞ്ഞ ഗുണനിലവാരമാണ് കട്ടകൾക്കെന്ന് കണ്ടെത്തി. അതിനാൽ വിരിച്ച കട്ടകൾ നീക്കി ഗുണനിലവാരമുള്ള കട്ട എത്തിച്ച് വിരിക്കാനും എൻജിനിയറിങ് വിഭാഗം തീരുമാനിച്ചു. ഇതിന് 40 ദിവസമെങ്കിലും എടുക്കും അതുവരെ റോഡ് തുറന്നുനൽകാനായിരുന്നു ധാരണ.
ഇതറിഞ്ഞ് ഏതാനും മാധ്യമപ്രവർത്തകരുമായി സ്ഥലത്തെത്തിയാണ് റോഡ് അടച്ചതിനെതിരെ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി വാർത്തയാക്കിയത്. തുടർന്ന് റോഡ് ബലംപ്രയോഗിച്ച് തുറന്നുനൽകുകയായിരുന്നു. എന്നാൽ, സർവകലാശാല ക്യാന്പസിൽ കയറി അതിക്രമം കാണിച്ചവർക്കെതിരെ അധികൃതർ നിയമനടപടിക്ക് തയ്യാറായിട്ടില്ല.










0 comments