ദേശീയപാത 66 ഇടപ്പള്ളി–മൂത്തകുന്നം റീച്ച്
ഇങ്ങനെ പോയാൽ പണിതീരില്ല; യാത്രക്കാർക്ക് ‘പണിയാകും’

പറവൂര്‍ കവലയില്‍ റോഡിലെ കുഴികളിലൂടെ സഞ്ചരിക്കുന്ന വാഹനം
കൊച്ചി
ദേശീയപാത 66 ഇടപ്പള്ളി–മൂത്തകുന്നം റീച്ച് നിർമാണം നിലവിൽ നിശ്ചയിച്ച കാലയളവിലും തീരില്ലെന്ന് ആശങ്ക ഉയരുന്നു. ഇതോടെ ഗതാഗതം കൂടുതൽ ദുഷ്‌കരമാകും. നിലവിൽ തമിഴ്‌നാട്ടിൽനിന്ന് മെറ്റൽ ലഭിക്കാത്തതാണ് നിർമാണപ്രവൃത്തിക്ക് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. മോശം കാലാവസ്ഥ ഉൾപ്പെടെ നിർമാണപുരോഗതിയെ ഇതിനകം ബാധിച്ചിരുന്നു. യുഡിഎഫ് സർക്കാരിന്റെ അനാസ്ഥയും മെല്ലെപ്പോക്കിനിടയാക്കി.
2027 മേയിലാണ് പൂർത്തീകരണ കാലയളവായി ദേശീയപാത അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. പൂർത്തീകരണ കാലയളവ് നേരത്തേയും പുതുക്കിയിരുന്നു.
എന്നാൽ, നിലവിൽ തീരുമാനിച്ചിരിക്കുന്ന കാലയളവിനുള്ളിലും പ്രവൃത്തി പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് വിവരം. അടുത്തവർഷം സെപ്‌തംബറെങ്കിലും ആകുമെന്നാണ് സൂചന. മൂത്തകുന്നംമുതൽ കോട്ടുവള്ളിവരെയുള്ള ഭാഗം ഏതുവിധേനയും ആദ്യം പൂർത്തീകരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. പറവൂർ പട്ടണത്തിലെ തിരക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. പുതിയ മേൽപ്പാലങ്ങളും പാതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രാരംഭപ്രവൃത്തികൾ നടക്കുന്നതേയുള്ളൂ. ഇതിനുപുറമേ മൂത്തകുന്നത്ത് ഉൾപ്പെടെ എൻട്രിയും എക്‌സിറ്റും വേണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
നിലവിൽ പണി നടക്കുന്ന മേഖലകളിലൂടെയുള്ള യാത്ര വളരെ പ്രയാസകരമാണ്. നിലവിലുള്ള പാതയിൽ ഗർത്തങ്ങളും കുഴികളുമാണ്. ഇവയിൽ വീഴാതെ വാഹനമോടിക്കാൻ പാടുപെടുകയാണ് യാത്രക്കാർ. ഇടപ്പള്ളി റെയിൽവേ മേൽപ്പാലത്തിൽ ഉൾപ്പെടെ വഴിവിളക്കുകളുമില്ല. ഇതുകാരണം ഇതുവഴിയുള്ള രാത്രിയാത്ര വളരെ ബുദ്ധിമുട്ടാണ്. പണി പൂർത്തിയായ ചിലയിടങ്ങളിൽ പാത തുറന്നുനൽകിയിട്ടുണ്ട്. ഇവിടെ സുഗമവും അപകടരഹിതവുമായ ഗതാഗതം ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ല.
കൊടുങ്ങല്ലൂർമുതൽ ഇടപ്പള്ളിവരെ 28.03 കിലോമീറ്ററുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉപേക്ഷിച്ച പദ്ധതിക്ക് പുതുജീവനേകിയത് എൽഡിഎഫ് സർക്കാരാണ്.










0 comments