കിഴക്കേപ്രത്ത് റോഡുകൾ കുത്തിപ്പൊളിച്ചിട്ട് മൂന്നാഴ്‌ച: ജനം ദുരിതത്തിൽ

പറവൂർ
കിഴക്കേപ്രത്ത് നവീകരണത്തിനായി പൊളിച്ച റോഡിൽ ടാറിങ് നടത്താത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ബിഎം ബിസി നിലവാരത്തിൽ പുനർനിർമാണം നടത്താനായി മൂന്നാഴ്ചമുമ്പാണ് റോഡ് കുത്തിപ്പൊളിച്ച് ഉയരംകൂട്ടി വലിയമെറ്റൽ വിരിച്ചത്. ഇതോടെ പൂശാരിപ്പടി ദേശീയപാത മുതൽ കിഴക്കേപ്രം യുപി സ്കൂൾ റോഡിലൂടെയും സ്കൂളിന്റെ വടക്കുവശത്തുനിന്ന് ലിറ്റിൽ ഹാർട്സ് സ്കൂളിന് മുന്നിലൂടെ കിഴക്കേപ്രം പാലത്തിനുസമീപം വരെയുള്ള റോഡിലൂടെയും യാത്ര ചെയ്യുന്നവർ ദുരിതത്തിലായി.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിർദേശിക്കുന്ന റോഡുകളാണ് പുനർനവീകരണം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർവഹണച്ചുമതല. കരാറുകാരൻ സമയബന്ധിതമായി നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാതിരുന്നിട്ടും അധികൃതർ ഇടപെടുന്നില്ല. കിഴക്കേപ്രം പ്രദേശത്തെ പ്രധാനക്ഷേത്രമായ പാലാരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് രണ്ട് പ്രദേശത്തുനിന്നും താലംവരവ് നടത്താറുണ്ട്. ആളുകൾക്ക് നടക്കാൻപോലും പറ്റാത്ത റോഡിലൂടെ താലംഘോഷയാത്ര നടത്താൻ കഴിയാത്ത ബുദ്ധിമുട്ടിലാണ് സംഘാടകർ. ഉത്സവം നടക്കുന്ന സമയത്ത് റോഡ് ഇത്തരത്തിൽ കിടക്കുന്നത് അവിടെ എത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കും. മെറ്റൽവിരിച്ച റോഡിലൂടെ യാത്രചെയ്ത ഇരുചക്രവാഹനയാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. രണ്ട് സ്കൂളുകൾ, രണ്ട് അങ്കണവാടികൾ, സഹകരണബാങ്ക് എന്നിവയും ഈ പ്രദേശത്തുണ്ട്.
റോഡ് എത്രയും വേഗം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.










0 comments