മാറ്റിക്കൊടുക്കണമെന്ന് കോർപറേഷന് കത്ത്
മൂന്നാം റോ റോ കപ്പൽശാലയിൽത്തന്നെ

മൂന്നാം റോ റോ കൊണ്ടുപോകാൻ ആവശ്യപ്പെട്ട് കോർപറേഷന് കൊച്ചി കപ്പൽശാല നൽകിയ കത്ത്
കൊച്ചി
മൂന്നാം റോ റോ കൊണ്ടുപോകാൻ ആവശ്യപ്പെട്ട് കൊച്ചി കപ്പൽശാല അധികൃതർ കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകി. റോ റോ കൊണ്ടുപോകാത്തതുകാരണം കപ്പൽശാല അനുഭവിക്കുന്ന പ്രയാസങ്ങൾ വ്യക്തമാക്കിയാണ് കത്ത്. മുഖ്യമന്ത്രി വി ഡി സതീശനെക്കൊണ്ട് യുഡിഎഫ് ഭരണസമിതി ആഘോഷപൂർവം ഉദ്ഘാടനം നടത്തിച്ചതാണ് മൂന്നാം റോ റോ. എന്നാൽ, ഇതുവരെ സർവീസ് ആരംഭിക്കാനായിട്ടില്ല. ഉദ്ഘാടനം നടത്തിയും സർവീസ് ആരംഭിക്കുന്ന തീയതികൾ അടിക്കടി പ്രഖ്യാപിച്ചും ജനങ്ങളെ പറ്റിക്കുന്നതിന് പിന്നാലെയാണ് മൂന്നാം റോ റോ ഇപ്പോഴും കപ്പൽശാലയിൽത്തന്നെയെന്ന് വ്യക്തമാക്കുന്ന കത്ത്.
ഒക്ടോബർ ഒന്നിനാണ് കൊച്ചി കപ്പൽശാല കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയത്. മറ്റുകപ്പലുകൾക്ക് ഇടംനൽകാനും കപ്പൽശാലയിലെ മറ്റു ജോലികൾക്കും റോ റോ നിലകൊള്ളുന്ന ഇടം ആവശ്യമുണ്ട്. റോ റോയുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി ജീവനക്കാരെയും കപ്പൽശാല നിയോഗിച്ചിട്ടുണ്ട്. ഇതെല്ലാം അധികബാധ്യതയാണെന്നും നിർമിച്ച് കൈമാറിയ റോ റോ എത്രയുംവേഗം മാറ്റണമെന്നുമാണ് ആവശ്യം. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയാണ് മൂന്നാമത്തെ റോ റോ നിർമിക്കാൻ നടപടി സ്വീകരിച്ചത്. നിർമാണം ഭൂരിഭാഗവും അക്കാലയളവിൽത്തന്നെ പൂർത്തീകരിച്ചിരുന്നു.
യുഡിഎഫ് ഭരണസമിതി എത്തിയശേഷം ജൂലൈ 12നായിരുന്നു ഉദ്ഘാടനമാമാങ്കം. മുഖ്യമന്ത്രി വി ഡി സതീശനായിരുന്നു ഉദ്ഘാടകൻ. സർവീസ് തുടങ്ങിയതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിപ്പുമിട്ടു. മാസങ്ങൾ പിന്നിട്ടിട്ടും സർവീസിന് ഇറക്കാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ ഫിറ്റ്നസ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ഇല്ലാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന വിവരവും പുറത്തുവന്നു. നിലവിൽ ഫോർട്ട് കൊച്ചി–വൈപ്പിൻ റൂട്ടിൽ രണ്ട് റോ റോകളുള്ളതിൽ ഒന്നുമാത്രമാണ് സർവീസ് നടത്തുന്നത്. മൂന്നാം റോ റോ ഉടൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനിലെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു. നിലവിൽ യാത്രാക്ലേശം അതിരൂക്ഷമാണ്. എന്നിട്ടും യുഡിഎഫ് ഭരണസമിതി അനങ്ങുന്നില്ല.
പരിശോധിക്കാൻ സമയം ആവശ്യപ്പെട്ട് അംഗങ്ങൾ; റോ റോ എസ്പിവി അനുമതി നൽകുന്നത് മാറ്റി കൊച്ചി റോ റോ യാനങ്ങളുടെ നടത്തിപ്പിനും പരിപാലനത്തിനും രൂപീകരിക്കുന്ന സ്പെഷ്യൽ പർപസ് വെഹിക്കിളി (എസ്പിവി)ന് അനുമതി നൽകുന്നത് കോർപറേഷൻ കൗൺസിൽ മാറ്റി. എസ്പിവിയുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പരിശോധിക്കാനോ പഠിക്കാനോ മതിയായ സാവകാശം നൽകിയില്ലെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് വി എ ശ്രീജിത്ത് ചൂണ്ടിക്കാട്ടി. സമയം അനുവദിക്കണമെന്നും പഠനശേഷമുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി വിഷയം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ മേയർ വി കെ മിനിമോൾ ഒരാഴ്ച അനുവദിച്ചു. ബുധനാഴ്ച ചേർന്ന കൗൺസിലിലാണ് എസ്പിവി അനുമതി വിഷയം കൊണ്ടുവന്നത്. കൊച്ചി വാട്ടർവെയ്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിലാണ് എസ്പിവി. എന്നാൽ, എസ്പിവിയുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും അംഗങ്ങൾക്ക് ലഭ്യമാക്കിയത് ചൊവ്വ രാത്രിയാണ്. അതും എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടതിന് ശേഷം. രേഖകൾ പരിശോധിക്കാൻ സാവകാശം ലഭിച്ചിരുന്നില്ല. കരട് സൂക്ഷ്മമായും വിശദമായും പരിശോധിക്കേണ്ടതുണ്ടെന്ന് ശ്രീജീത്ത് കൗൺസിലിൽ പറഞ്ഞു. എസ്പിവിയുടെ ഘടന, കോർപറേഷന്റെ ഓഹരി പങ്കാളിത്തം എന്നിവയെക്കുറിച്ച് പഠിക്കണം. ഇക്കാര്യങ്ങളിൽ വ്യക്തത വേണം. പഠനത്തിനുശേഷം അംഗങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് വിഷയം കൗൺസിലിൽ കൊണ്ടുവരണം. രേഖകൾ മുൻകൂട്ടി തരാതിരുന്നത് ശരിയല്ലെന്നും ശ്രീജിത്ത് പറഞ്ഞു. ബിജെപി അംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു. തുടർന്നാണ് മേയർ ഒരാഴ്ച സമയം അനുവദിച്ചത്. കൗൺസിൽ അംഗീകരിച്ചശേഷം സർക്കാരിലേക്ക് അയക്കണം. സർക്കാരും അംഗീകരിക്കണം. ഇതിനുശേഷവും നടപടിക്രമങ്ങളുണ്ട്. ഇതെല്ലാം പൂർത്തിയായിക്കഴിയുന്പോഴാണ് എസ്പിവി യാഥാർഥ്യമാകുക.








0 comments