Deshabhimani

കണ്ണിമംഗലം കാട്ടിലെ ഒറ്റയാൻ

kanimangalam

മലയാറ്റൂർ കണ്ണിമംഗലത്ത് തന്റെ വീടിനുമുന്നിൽ കെ കെ ഹരിദാസ്

avatar
സിറിൾ രാധാകൃഷ്‌ണൻ

Published on Nov 19, 2026, 03:16 AM | 2 min read

മലയാറ്റൂര്‍


"വഴികളില്ലാത്ത വനങ്ങളില്‍ ഒരു പ്രത്യേക ആനന്ദമുണ്ട്' എന്ന് ഇന്‍ടു ദ വൈല്‍ഡ് സിനിമയില്‍ പറയുംപോലെ, കാട്ടാനകള്‍ വാഴുന്ന കണ്ണിമംഗലത്ത് വെല്ലുവിളികൾനിറഞ്ഞ ജീവിതം നയിക്കുകയാണ് കുന്നുംപുറത്ത് കെ കെ ഹരിദാസ് എന്ന എഴുപത്താറുകാരൻ. കാട്ടാനകള്‍ വിഹരിക്കുന്നയിടമാണ് മലയാറ്റൂര്‍–നീലീശ്വരം, അയ്യമ്പുഴ പഞ്ചായത്തുകള്‍ക്കിടയിലുള്ള കണ്ണിമംഗലം.


മലയാറ്റൂര്‍ രണ്ടാംവാര്‍ഡ്‌. വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടി ജനം ഒഴിഞ്ഞുകൊണ്ടിരിക്കുന്ന ഈ പ്രദേശത്തെ ഏക താമസക്കാരനാണ് ഹരിദാസ്. ​ കൂടൊഴിഞ്ഞ കണ്ണിമംഗലം മലയാറ്റൂരില്‍നിന്ന് കാലടി പ്ലാന്റേഷനിലേക്കുള്ള റോഡില്‍നിന്ന് വലതുതിരിഞ്ഞ് കണ്ണിമംഗലം ഭഗവതി ക്ഷേത്രത്തിലേക്കുള്ള മണ്‍പാതയെത്തുന്നത് കാട്ടിലേക്ക്‌. ‌ഇവിടെ കൊച്ചുവീട്ടിലാണ്‌ തന്റെ അരുമനായകള്‍ക്കൊപ്പം ഹരിദാസിന്റെ താമസം.


1968ല്‍ മലയാറ്റൂരിലെത്തിയതാണ്‌. ക്രഷർ ഓപ്പറേറ്ററായിരുന്നു. 30 വര്‍ഷംമുന്പ്‌ കണ്ണിമംഗലത്ത്‌ വീടുവച്ചുമാറി. അന്ന് വേറെയും വീടുകളുണ്ടായിരുന്നു. മൃഗശല്യം വർധിച്ചതും യാത്രാസ‍ൗകര്യങ്ങളില്ലാത്തതുംമൂലം കണ്ണിമംഗലത്തുനിന്ന്‌ കുടുംബങ്ങൾ പലതും പിന്നീട്‌ കുടിയിറങ്ങി. വണ്ട്ശല്യം കൂടിയായതോടെ 2015 ആയപ്പോൾ കണ്ണിമംഗലം ഏതാണ്ട് വിജനമായി. ഹരിദാസും ഭാര്യ രമണിയും മാത്രം തുടർന്നു. ക്രഷര്‍ ജോലിവിട്ടശേഷം തുറന്ന ചായക്കട ആളില്ലാതായപ്പോൾ അടച്ചു. 2020ല്‍ കോവിഡ് കാലത്ത് ഭാര്യ രമണി വിടപറഞ്ഞതോടെ ഹരിദാസ് തീർത്തും ഒറ്റയാനായി. ​ ഏകാന്തതയുടെ 
കാനന വര്‍ഷങ്ങള്‍ 2020 മുതല്‍ കാട്ടാനകളും പന്നിയും കുരങ്ങും പുലിയും ഉയർത്തുന്ന ഭീഷണി ചെറുതല്ല. വിഷപ്പാന്പുകളും ധാരാളം. ഒരിക്കൽ വെള്ളിക്കെട്ടന്റെയും രണ്ടുവട്ടം ചുരുട്ടയുടെയും കടിയേറ്റു. ഇരുളുവീണാല്‍, ഇല്ലിക്കൂട്ടവും റബര്‍ക്കാടുമിറങ്ങി ആനകളും പന്നിയും മാനും വരുന്നത് ഈ വീടിന്റെ ചുറ്റുവട്ടത്തേക്കാണ്. കൃഷിത്തോട്ടമൊക്കെ തച്ചുതകര്‍ത്താകും മടക്കം. ആനകള്‍ റബര്‍മരത്തിന്റെ തൊലിയും മ്ലാവ്‌ കൊക്കോയുടെ തൊലിയും തിന്നുനശിപ്പിക്കും. കുരങ്ങന്‍മാരുള്ളതിനാല്‍ തെങ്ങുകളും കാലി. ഒറ്റയ്‌ക്ക് ജീവിക്കാന്‍ പേടിയില്ലേയെന്ന ചോദ്യത്തിന്‌ ചിരിയാണ്‌ ഹരിദാസിന്റെ മറുപടി.


പേടിയൊക്കെ പണ്ടേ പോയതാ. രാത്രികാലങ്ങളിൽ പുറത്തുനിന്ന്‌ പ്രത്യേക മണംവരും, പുലിയുടേതാ. നാല്‌ വളർത്തുനായകളെ ടെറസില്‍നിന്ന് പുലി കൊണ്ടുപോയി. ഇവിടെ പേടിച്ചു ജീവിച്ചിട്ടെന്തിന്‌. ഇടയ്ക്ക് അയ്യമ്പുഴവരെപ്പോയി ആളുകളെയൊക്കെകണ്ട് കൊക്കോയൊക്കെ വിറ്റ് റേഷനുംവാങ്ങി വരുമ്പോ അത് മാറും. ഈ പ്രദേശത്ത് എന്തുനടന്നാലും ഉത്തരവാദിയാകുമെന്നതാണ്‌ ആകെയുള്ള വിഷമം. അങ്ങിനെ 2017ല്‍ പുലിയെ കൊന്നെന്ന കേസിലും പ്രതിയായെന്ന്‌ ഹരിദാസ്‌ പറഞ്ഞു. വന്യമൃഗശല്യം അതിരൂക്ഷമായിട്ടും അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതി ഹരിദാസിനുണ്ട്. മണ്‍വഴിമാത്രമുള്ള ഈ പ്രദേശത്തിന്‌ കാവൽ കത്താത്ത തെരുവുവിളക്കുകളും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home