Deshabhimani

ഇവിടെ 
ഷേക്കിന്‌ 
25 രൂപ

foog stories

യദു കൃഷ്ണ ഷാർജ ഷേക്ക്‌ തയ്യാറാക്കുന്നു

avatar
രാഹുൽ രാജ്

Published on Nov 19, 2026, 02:59 AM | 1 min read

കൊച്ചി


ചൂട്‌ കനക്കുകയാണ്‌, ശരീരമൊന്ന്‌ തണുപ്പിക്കാൻ ഒരു ഷാർജ ഷേക്ക്‌ കുടിക്കണമെങ്കിൽ കുറഞ്ഞത്‌ 60 രൂപയ്‌ക്ക്‌ മുകളിൽവരും. എന്നാൽ, നോർത്ത് പറവൂർ വലിയ പല്ലംതുരുത്തിലെ കണ്ണംപറമ്പിൽ സ്റ്റോഴ്സിൽ ഷാർജ ഷേക്കിന്‌ വെറും 25 രൂപയേയുള്ളൂ. പാലിനും പഞ്ചസാരക്കുമെല്ലാം വില കുതിച്ചുയരുന്ന കാലത്ത്‌ വിലക്കുറവിൽ ഷേക്ക്‌ വിൽക്കുന്ന ഇ‍ൗ കൊച്ചുകടയിൽ നിരവധിപ്പേരാണ്‌ ദിവസവും എത്തുന്നത്‌.


വില കുറവാണെങ്കിലും അളവിലും രുചിയിലും കുറവില്ല. പാൽ, പഴം, കശുവണ്ടി, പഞ്ചസാര, ബൂസ്റ്റ്‌ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഷേക്കിൽ അൽപ്പം ഐസ് ക്രീമും ചേർത്താണ് നൽകുന്നതെന്ന്‌ കടയുടമ- യദു കൃഷ്ണ പറഞ്ഞു. 52 വർഷംമുമ്പ് യദുവിന്റെ അച്ഛൻ കെ വി സന്തോഷാണ് കട തുടങ്ങിയത്. ആദ്യം ജ്യൂസ്‌ മാത്രമായിരുന്നു വിൽപ്പന. 22 വർഷമായി ഷാർജ ഷേക്കുമുണ്ട്. തുടക്കം 12 രൂപയായിരുന്നു. പിന്നീട് 20 ആക്കി.


ഒരു വർഷംമുമ്പാണ് 25 രൂപയാക്കിയത്. പൈനാപ്പിൾ, മുന്തിരി, ക്യാരറ്റ്‌ മിക്സ്‌, പേരക്ക, തണ്ണിമത്തൻ തുടങ്ങിയ ജ്യൂസുകൾക്കും വില 15 ര‍ൂപ മാത്രമേയുള്ളൂ. പഴംപൊരി, സവാളവട, ബോണ്ട, മുട്ട ബജി, മുളക്‌ ബജി, കട്‌ലറ്റ്‌, സമൂ‍സ, ബ്രഡ്‌ റോസ്റ്റ്‌ തുടങ്ങിയ പലഹാരങ്ങൾക്കും 10 രൂപയാണ്‌. സമൂഹമാധ്യമ വീഡിയോകളില‍ൂടെ വൈറലായ കടയിൽ ദൂരസ്ഥലങ്ങളിൽനിന്നുവരെ ആളുകൾ വരുന്നുണ്ട്‌. യദുവും അച്ഛൻ സന്തോഷും ചേർന്നാണ്‌ കടയിലേക്കുള്ള സാധനങ്ങൾ തയ്യാറാക്കുന്നത്‌. കരിന്പാടം വലിയ പല്ലംതുരുത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയുടെ എതിർവശത്താണ്‌ കട. രാവിലെ 10 മുതൽ രാത്രി പത്തുവരെയാണ്‌ പ്രവർത്തനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home