ഇടപെടാതെ എംഎൽഎമാർ
ബസില്ല; കിഴക്കൻ മേഖലയിലേക്ക് രാത്രിയാത്ര ദുരിതത്തില്‍


സ്വന്തം ലേഖകൻ
Published on Nov 19, 2026, 03:32 AM | 1 min read
കൊച്ചി
രാത്രി ഒമ്പതിനുശേഷം ആലുവയില്‍നിന്ന് പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ ഉൾപ്പെടെ കിഴക്കൻ മേഖലയിലേക്ക് കെഎസ്ആർടിസി ബസ് സർവീസില്ലാത്തത് യാത്രികരെ വലയ്‌ക്കുന്നു. കെഎസ്ആർടിസി റൂട്ടായ കുട്ടമശേരി, മാറമ്പള്ളി ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ഓട്ടോകളെയും യൂബർ ടാക്സികളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. പെരുമ്പാവൂർ മേഖലയിലെ അതിഥിത്തൊഴിലാളികളടക്കം ജോലി കഴിഞ്ഞ് മടങ്ങുന്നവരും രാത്രി ആലുവയിലെത്തുന്ന ട്രെയിനുകളിൽ വന്നിറങ്ങുന്നവരും യാത്രാദുരിതം നേരിടുന്നുണ്ട്.
രാത്രി 9.10ന് സര്‍വീസ് നടത്തുമെന്ന് അവകാശപ്പെടുന്ന ഓര്‍ഡിനറി ബസ് മിക്ക ദിവസങ്ങളിലും ഉണ്ടാകാറില്ല. ഇതേപ്പറ്റി ഡിപ്പോയില്‍ അന്വേഷിച്ചാല്‍ അധികൃതര്‍ക്കും കൃത്യമായ ഉത്തരമില്ല. രാത്രി 9.30ന് എറണാകുളത്തുനിന്ന് കോതമംഗലത്തേക്ക് പുറപ്പെടുന്ന സ്വകാര്യ ബസാകട്ടെ ചുണങ്ങംവേലി, രാജഗിരി ആശുപത്രി, ചൂണ്ടി വഴി ആയതിനാൽ ദേശസാൽകൃത റൂട്ടിലെ യാത്രക്കാർക്ക് ആശ്രയിക്കാനുമാകില്ല. രാത്രി എട്ടിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന മൂന്നാര്‍ ബസ് പോയാല്‍ പിന്നീടുള്ള ബസിന് ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. എറണാകുളം സ്റ്റാൻഡിൽനിന്ന് രാത്രി 10ന് നെടുങ്കണ്ടത്തേക്കും
11ന്
കുമളിക്കും പോകുന്ന ഹൈറേഞ്ച് ബസുകളാണ് പെരുമ്പാവൂർ, കോതമംഗലം ഭാഗത്തേക്കുള്ള യാത്രക്കാരുടെ ആശ്രയം. എന്നാൽ, ഈ രണ്ടു ബസുകളും നിറഞ്ഞാണ് ആലുവയിലെത്തുന്നത്. ഇതിൽ 11ന്റെ കുമളി ബസ് ആലുവ–പെരുന്പാവൂർ പ്രൈവറ്റ് റൂട്ടിലൂടെയാണ് സർവീസ് നടത്തുന്നത്. മണ്ഡലകാലം ആരംഭിച്ചതോടെ പന്പ സ്പെഷ്യൽ സർവീസിന് ഇൗ ബസുകൾ പിൻവലിക്കുമോ എന്ന ആശങ്കയുമുണ്ട്. രാത്രി 8.30ന് എറണാകുളത്തുനിന്ന് കുമളിയിലേക്ക് പുറപ്പെട്ടിരുന്ന കെഎസ്ആർടിസി സർവീസ് രണ്ടുമാസംമുന്പ് നിർത്തി. കഴിഞ്ഞ ദിവസമാണ് പറവൂർ ഡിപ്പോയ്ക്ക് രണ്ട് മിനി ബസ് കൂടി വാങ്ങുന്നതിന് മുഖ്യമന്ത്രി തുക അനുവദിച്ചത്. എന്നാൽ, തിരക്കേറിയ പെരുമ്പാവൂർ, കോതമംഗലം, ഹൈറേഞ്ച് മേഖലകളിലേക്കുമുള്ള രാത്രിയാത്രാദുരിതം പരിഹരിക്കാൻ നടപടിയില്ല. എംഎൽഎമാരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.







0 comments