ടോപ്പ് ഗിയറില്‍ ആലുവ
ആവേശം ഹെെ

കോലഞ്ചേരി
വേദിയിൽ അവതരണങ്ങള്‍ പൊളിച്ചു, സദസ്സിൽ കൈയ്യടിയുടെ പൂരം. ഉച്ചയ്ക്കുശേഷം ആകാശത്തുനിന്ന് പെരുമഴയുടെ ഷോ. റവന്യു ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനവും ഫുൾ ഓൺ ആഘോഷം. പോയിന്റ് പട്ടികയിൽ തുടക്കം മുതൽ ഒരേ ടീം, ഒരേ ഡോമിനേഷൻ – ആലുവ ഉപജില്ല. 492 പോയിന്റോടെയാണ് ആലുവയുടെ കുതിപ്പ്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എറണാകുളം ഉപജില്ലയാണ് തൊട്ടുപിന്നിൽ–486 പോയിന്റ്. 475 പോയിന്റോടെ നോര്‍ത്ത് പറവൂർ മൂന്നാമതുണ്ട്. 164 പോയിന്റ് നേടി ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസ് സ്കൂളുകളിൽ മുന്നേറുന്നു. എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് തൊട്ടുപിന്നിലുണ്ട്– 157 പോയിന്റ്. 119 പോയിന്റോടെ എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്എസ്എസാണ് മൂന്നാമത്. രണ്ടു ദിനങ്ങളിലായി 30 അപ്പീലാണ് കമ്മിറ്റിക്ക് മുന്നിലെത്തിയത്.
വേദി ഒന്നില്‍ വെള്ളക്കെട്ട്
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ പ്രധാനവേദിയിലെ സദസ്സിലേക്ക് മഴവെള്ളം ഒഴുകിയെത്തിയത് മത്സരാർഥികൾക്കും ആസ്വാദകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. ചമയങ്ങളണിഞ്ഞ് മത്സരത്തിനായി കാത്തുനിന്ന വിദ്യാർഥികളും ആശയക്കുഴപ്പത്തിലായി. ഇതോടെ നാടക മത്സരമുൾപ്പെടെ താൽക്കാലികമായി തടസപ്പെട്ടു. പ്രകൃതി ദുരന്തങ്ങള്‍ പ്രമേയമായ നാടകം അവതരിപ്പിക്കുന്നതിനിടെയാണ് വേദി ഒന്ന് കുളമായത്.
മോണോ ആക്ടും വൈറല്‍
യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ലക്ഷക്കണക്കിന് ആരാധകർ. സമൂഹമാധ്യമങ്ങളില്‍ ഇതിനകം താരമായ അൻസു മരിയ സംസ്ഥാന കലോത്സവത്തിലും കസറാനെത്തുന്നു. ഹൈസ്കൂൾ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം ഇത്തവണ അന്‍സു കൈപ്പിടിയിലാക്കി. പൊലീസ് സ്റ്റേഷനിൽ ഒരുദിവസം നടക്കുന്ന രസകരമായ സംഭവവികാസങ്ങളാണ് നർമത്തിൽ ചാലിച്ച് വേദിയിലെത്തിച്ചത്. കഥാപാത്രങ്ങളിലേക്കുള്ള വേഗത്തിലുള്ള പകർന്നാട്ടവും അവതരണത്തിലെ മികവും പ്രകടനത്തിന് മിഴിവേകി. പാതിരാത്രി, ജാൻ എ മൻ, കേശു ഈ വീടിന്റെ നാഥൻ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ദേശീയ പുരസ്കാരം നേടിയ ‘കള്ളനോട്ടം’ എന്ന ചിത്രത്തിലും അഭിനയിച്ചു. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. തൃപ്പൂണിത്തുറ മാടപ്പള്ളിൽ എം എസ് തോമസിന്റെയും ജൂലിയുടെയും മകളാണ്.
കാവ്യകേളിയിൽ ഡബിൾ ധമാക്ക
കാവ്യകേളിയിൽ വീണ്ടും ഒന്നാംസ്ഥാനം അടിച്ചെടുത്ത് പി ആര് ദുർഗയും പി ആര് ഭദ്രയും. ഹയർസെക്കൻഡറി വിഭാഗത്തിൽ ചേച്ചി ദുർഗയും ഹൈസ്കൂൾ വിഭാഗത്തിൽ അനുജത്തി ഭദ്രയും ഒന്നാമതെത്തിയതോടെ വീട്ടിലെത്തിയത് ഇരട്ട വിജയത്തിളക്കം. ആലുവ ഗവ. ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയായ ദുർഗ തുടർച്ചയായ അഞ്ചാംതവണയാണ് കാവ്യകേളിയിൽ ഒന്നാമതെത്തുന്നത്. കഴിഞ്ഞ നാലുവർഷവും സംസ്ഥാനതലത്തിലും ദുർഗയ്ക്കായിരുന്നു വിജയം. പെരുമ്പാവൂർ ഗവ. ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിനിയായ ഭദ്ര, കഴിഞ്ഞ തവണത്തെ സംസ്ഥാനതല വിജയത്തിന്റെ തിളക്കവുമായാണ് ഇത്തവണയും മത്സരത്തിനെത്തിയത്. കാവ്യകേളിക്കുപുറമെ അഷ്ടപദി, കഥകളിസംഗീതം, സംസ്കൃത പദ്യംചൊല്ലൽ എന്നീ ഇനങ്ങളിലും ഇവര്‍ മത്സരിക്കുന്നുണ്ട്. പൊന്നക്കുടം മോഹനൻനായരുടെ കീഴിലാണ് ഇരുവരുടെയും പരിശീലനം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ മേൽശാന്തി രാജേന്ദ്രന്റെയും ഗായത്രി ദേവിയുടെയും മക്കളാണ്.









0 comments