പല ഇനങ്ങൾക്കും ഒരുമാസം മുന്പുള്ളതിനേക്കാൾ ഇരട്ടിയാണ് വില
ഭക്ഷണം പൊള്ളുന്നു; കാലിയാകും പോക്കറ്റ്

സ്വന്തം ലേഖകന്‍
Published on May 11, 2026, 02:41 AM | 1 min read
കൊച്ചി
വാണിജ്യ പാചകവാതക വില കുത്തനെ ഉയർന്നതോടെ ഭക്ഷണവും പൊള്ളുന്നു. സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുംവിധമാണ് വിവിധ വിഭവങ്ങളുടെ നിരക്കുവർധന. ഇതിനുപുറമേ കോഴിയിറച്ചി, ബീഫ്, മീൻ എന്നിവയുടെ വിലയും ഉയരുകയാണ്.
ഒരാഴ്‌ചമുമ്പ് 150 മുതൽ 160 രൂപവരെയായിരുന്നു ഒരുകിലോ കോഴിയിറച്ചി വില. ഇപ്പോൾ 175 മുതല്‍ 180 രൂപവരെയാണ് പല കടകളിലും ഈടാക്കുന്നത്. മൊത്തവില്‍പ്പനയിലും വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനംമൂലം ജില്ലയിലെ ഫാമുകളിൽനിന്ന് പ്രതീക്ഷിച്ചത്ര കോഴി വിപണിയിലെത്താത്തതാണ് വിലവര്‍ധനയ്‌ക്ക് കാരണം. ചൂട് കുറയുന്നതനുസരിച്ച് ആവശ്യത്തിന് കോഴി എത്തുമെന്നും 20 ദിവസത്തിനുള്ളില്‍ വില കുറയുമെന്നും പറയുന്നു.
420 മുതല്‍ 450 രൂപവരെയാണ് ഒരുകിലോ ബീഫിന്റെ വില. കഴിഞ്ഞമാസം 420ന് താഴെയായിരുന്നു. തമിഴ്നാട്, കർണാടകം എന്നിവിടങ്ങളില്‍നിന്ന് ബീഫ് വരവ് കുറഞ്ഞതും വിലവര്‍ധനയ്‌ക്ക് കാരണമാണെന്ന് കച്ചവടക്കാര്‍ പറഞ്ഞു. മീനിനും വിലയേറിയിട്ടുണ്ട്. പല ഇനങ്ങൾക്കും ഒരുമാസം മുന്പുള്ളതിനേക്കാൾ ഇരട്ടി വിലയാണ്.
പാചകവാതക വിലയിലുണ്ടായ അനിയന്ത്രിതമായ വർധനയെത്തുടർന്ന് മിക്ക ഹോട്ടലുകളിലും നിരക്ക് കൂട്ടിയിരുന്നു. ഇതിനുപുറമേ കോഴിയിറച്ചി, ബീഫ്, മീൻ എന്നിവയുടെയും വിലയും ഉയർന്നതോടെ ഹോട്ടലുകാർ വീണ്ടും പ്രയാസത്തിലായി. പിടിച്ചുനിൽക്കാൻ ഇനിയും വിലകൂട്ടേണ്ടിവരുമെന്നാണ് നിലപാട്. ചായയ്‌ക്കും എണ്ണപ്പലഹാരങ്ങൾക്കും രണ്ടുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചു. ഉൗണിനും ബിരിയാണിക്കും 10 മുതൽ 20 രൂപവരെ വർധിപ്പിച്ചു. സ്‌പെഷ്യൽ കറികൾക്കും 10–15 രൂപയുടെ വർധനയുണ്ട്.
പാചകവാതക പ്രതിസന്ധിമൂലം പല ഹോട്ടലുകളും വിഭവങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. തൊഴിലാളിക്ഷാമവും മേഖലയെ അലട്ടുന്നു. വോട്ട് ചെയ്യാൻ നാട്ടിലേക്കുപോയ ഇതരസംസ്ഥാന തൊഴിലാളികളിൽ ചിലർ മടങ്ങിവന്നുതുടങ്ങിയെങ്കിലും ഹോട്ടലുകൾ പലതും പൂട്ടിയതോടെ ഇവർക്ക് ജോലി നൽകാൻ ഉടമകൾക്ക് കഴിയുന്നില്ല.










0 comments