കൗതുകങ്ങളുടെ കുടക്കീഴിൽ

എറണാകുളം മാർക്കറ്റിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന വർണ്ണക്കുടകൾ
കൊച്ചി
കാലവർഷം എത്തിയതോടെ വിപണിയില്‍ വർണ്ണക്കുടകളുടെയും മഴക്കോട്ടുകളുടെയും പെരുമഴ. കറുത്തകുടകൾമാത്രമുണ്ടായിരുന്ന പഴയകാലം പഴങ്കഥയാക്കി ആകർഷകമായ രൂപകൽപ്പനയോടെ വർണക്കുടകളും ട്രെൻഡി റെയിൻകോട്ടുകളുമാണ് ഇക്കുറി വിപണി കൈയടക്കിയിട്ടുള്ളത്. കുട്ടികളെ ആകർഷിക്കുന്ന കാർട്ടൂൺ കുടകൾമുതൽ പോക്കറ്റ് കുടകൾവരെ സുലഭം. സ്‌കൂൾ തുറക്കുന്ന സമയമായതിനാൽ പ്രമുഖ ബ്രാൻഡുകളെല്ലാം പുതിയ കലക്ഷനുകളുമായി ആഴ്ചകൾക്കുമുമ്പേ രംഗത്തുണ്ട്.
കറുത്ത നിറത്തിലുള്ള രണ്ടുമടക്ക് കുടകള്‍ക്ക് 150 രൂപയും മൂന്നുമടക്കിന് 200 രൂപയുമാണ് വില. ബ്രാന്‍ഡഡ്, കളര്‍, പ്രിന്റ് കുടകള്‍ക്ക് വില കൂടും. കാലൻകുടകള്‍ക്കും ആവശ്യക്കാരേറെ. 300 രൂപ മുതലാണ് കുടകളുടെ വില്‍പ്പന. 150 രൂപ മുതലാണ് കുട്ടിക്കുടകളുടെ വില. കളര്‍, പ്രിന്റഡ് കുടകളാണ് കുട്ടികള്‍ക്ക് പ്രിയം. കാർട്ടൂൺ, ചിത്രകഥാ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള കുടകള്‍ക്ക് 300 രൂപ മുതലാണ് വില.
മടക്കി ചെറിയൊരു പൗച്ചിലാക്കി ബാഗിലോ ബൈക്കിന്റെ ബോക്സിലോ സൂക്ഷിക്കാനാകുന്ന തരത്തിലുള്ളവയാണ് മഴക്കോട്ടുകളില്‍ ഹിറ്റ്. 100 രൂപ മുതലാണ് പോക്കറ്റ് മഴക്കോട്ടിന്റെ വില. പാന്റ്‌സും കോട്ടുമടങ്ങുന്ന മഴക്കോട്ടുകൾ 200 രൂപ മുതല്‍ ലഭ്യമാകും. കുട്ടികൾക്കായി സ്കൂൾ ബാഗ് അടക്കം മൂടാൻ കഴിയുന്ന കോട്ടുകൾമുതൽ രാത്രിയാത്രകളിൽ തിളങ്ങുന്ന റിഫ്ലക്ടീവ് സ്ട്രിപ്പുകളുള്ള കോട്ടുകൾവരെ വിപണിയിലുണ്ട്. ബ്രാൻഡഡ് കോട്ടുകൾക്ക് 700 രൂപ മുതൽ 2500 രൂപ വരെയാണ് വില. വിപണിയില്‍ വരുംദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.










0 comments