ആമ്പല്ലൂരിൽ ജനകീയ മഴമാപിനികൾ സ്ഥാപിച്ചു

പിറവം
ആമ്പല്ലൂർ പഞ്ചായത്തിലെ മഴയുടെ അളവെടുക്കാൻ മഴമാപിനികൾ സ്ഥാപിക്കുന്ന പദ്ധതി തുടങ്ങി. വയനാട് ഹ്യുംസ് സെന്റർ, തുരുത്തിക്കര സയൻസ് സെന്റർ, സുസ്ഥിര ഫൗണ്ടേഷൻ, എഡ്രാക് ആമ്പല്ലൂർ മേഖല, പഞ്ചായത്ത് തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി.
22.59 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ആമ്പല്ലൂർ പഞ്ചായത്തിനെ പതിനൊന്നായി തിരിച്ച് 12 മഴമാപിനികളാണ് സ്ഥാപിച്ചത്. കാലാവസ്ഥാ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി ദിവസവും പെയ്യുന്ന മഴയുടെ അളവ് രാവിലെ എട്ടിന് വാട്സാപ് ഗ്രൂപ്പ് വഴി ശേഖരിക്കും. പഞ്ചായത്തിൽ പെയ്ത ആകെ മഴയുടെ അളവും വ്യതിയാനവും കണ്ടെത്തി പഠിക്കും.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, റഡാർ കേന്ദ്രം സയന്റിസ്റ്റ് ഡോ. കെ അജിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് അധ്യക്ഷനായി. ഹ്യുംസ് സെന്റർ ക്ലൈമറ്റ് ലീഡ് എ ആർ രഞ്ജിനി പദ്ധതി വിശദീകരിച്ചു. പി എ തങ്കച്ചൻ, ആഗ്നസ് മറിയ, കെ എ മുകുന്ദൻ, ടി ആർ ഗോവിന്ദൻ, കെ എസ് രാധാകൃഷ്ണൻ, എം എം ബഷീർ എന്നിവർ സംസാരിച്ചു.











0 comments