പെരുന്പാവൂർ നഗരസഭ
സെക്രട്ടറിയുടെയും എൻജിനിയറുടെയും ക്വാർട്ടേഴ്സ് സാമൂഹ്യവിരുദ്ധർ കൈയടക്കി

നഗരസഭ എൻജിനിയറുടെ ക്വാർട്ടേഴ്സ് കാടുപിടിച്ചനിലയിൽ
പെരുമ്പാവൂർ
പെരുന്പാവൂർ നഗരസഭയിലെ സെക്രട്ടിക്കും എൻജിനിയർക്കും താമസിക്കാനുള്ള ക്വാർട്ടേഴ്സ് സാമൂഹ്യവിരുദ്ധരുടെ താവളമായി. 40 വർഷം പഴക്കമുള്ള ക്വാർട്ടേഴ്സിൽ താമസിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. സ്വകാര്യ ബസ് സ്‌റ്റാൻഡിന് സമീപത്തെ ക്വാർട്ടേഴ്‌സിൽ ഏതാനുംനാൾ സെക്രട്ടറിയും എൻജിനിയറും താമസിച്ചതല്ലാതെ കൂടുതൽകാലവും പൂട്ടിയിട്ടനിലയിലായിരുന്നു.
സെക്രട്ടറിയുടെ ക്വാർട്ടേഴ്സിന്റെ പിൻവാതിൽ തകർത്ത് സാമൂഹ്യവിരുദ്ധർ താവളമാക്കി. രാസലഹരിയുടെ ചെറിയ ബോട്ടിലുകളും ലഹരി കുത്തിവയ്‌പിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും മുറികളിൽ ചിതറിക്കിടക്കുന്നുണ്ട്. കെട്ടിടത്തിന്റെ മുകളിലും താഴെയും കാട് വളർന്നു.
മുറികൾക്കുള്ളിലെ വൈദ്യുതി വയറുകൾ, വാട്ടർ ടാങ്ക് തുടങ്ങിയ എല്ലാ ഉപകരണങ്ങളും കവർച്ച നടത്തിയിട്ടുണ്ട്. നഗരസഭ പലതവണ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെങ്കിലും തൊട്ടടുത്ത ദിവസംതന്നെ സാമൂഹ്യവിരുദ്ധർ വാതിലുകൾ പൊളിച്ച് അകത്തുകയറും. താമസിക്കാൻ പല ഉദ്യോഗസ്ഥർ നോക്കിയെങ്കിലും ഭയത്താൽ പിന്തിരിയുകയാണ്. കെട്ടിടത്തിനകത്ത് രാത്രിയിലും പകലും തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധർ തമ്മിൽ ലഹരിയിൽ സംഘർഷങ്ങൾ നടക്കാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു.










0 comments