Deshabhimani

വായനയുടെ വിസ്‌മയലോകം തുറന്ന്‌ പുസ്‌തകമേള

Pusthakamela

ജില്ലാ ലൈബ്രറി ക‍ൗൺസിലും മഹാരാജാസ്‌ കോളേജ്‌ സാഹിത്യവേദിയും ചേർന്ന് സംഘടിപ്പിക്കുന്ന കൊച്ചി ബുക്ക്‌ ഫെസ്റ്റിന്റെ ഭാഗമായുള്ള 
സാഹിത്യോത്സവം സംവിധായകൻ കമൽ ഉദ്‌ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 10, 2026, 12:30 AM | 1 min read

കൊച്ചി

അക്ഷരങ്ങളിലൂടെ പുതിയ ലോകത്തേക്കും കാഴ്‌ചകളിലേക്കും സഞ്ചരിക്കാൻ ജില്ലാ ലൈബ്രറി ക‍ൗൺസിൽ പുസ്തകമേളയും സാഹിത്യോത്സവവും എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തിൽ തുടങ്ങി. കോളേജ്‌ സാഹിത്യവേദിയുമായി ചേർന്നാണ്‌ സംഘടിപ്പിക്കുന്നത്‌. മലയാളത്തിലെ 66 പ്രസാധകരുടെ പുസ്തകങ്ങൾ മേളയിലുണ്ട്‌. 109 സ്റ്റാളുകളാണുള്ളത്‌. ഗ്രന്ഥശാലകൾക്ക്‌ 33 ശതമാനം വിലക്കിഴിവിൽ പുസ്തകങ്ങൾ ലഭിക്കും. പൊതുജനങ്ങൾക്കും ആകർഷകമായ വിലക്കുറവിൽ വാങ്ങാം. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ്‌ സമയം.


പുസ്തകോത്സവം സംസ്ഥാന ലൈബ്രറി ക‍ൗൺസിൽ പ്രസിഡന്റ്‌ ഡോ. ധർമരാജ്‌ അടാട്ടും സാഹിത്യോത്സവം സംവിധായകൻ കമലും ഉദ്‌ഘാടനം ചെയ്തു. കോളേജ്‌ വൈസ്‌ പ്രിൻസിപ്പൽ ഡോ. എസ്‌ ജയ അധ്യക്ഷയായി. സംസ്ഥാന ലൈബ്രറി ക‍ൗൺസിൽ അംഗം ജോൺ ഫെർണാണ്ടസ്‌, ജില്ലാ സെക്രട്ടറി പി ജി സജീവ്‌, കെ എസ്‌ അബ്ദുൾ റഷീദ്‌, അനുപമ ശിവരാജൻ, ഡോ. എസ്‌ അഞ്ജലി, എൻ നവീൻ നായ്‌ക്ക്‌, പ്രണീൽരാജ്‌ എന്നിവർ സംസാരിച്ചു.


സാഹിത്യോത്സവവേദിയിൽ സുനിൽ ഞാളിയത്ത്‌, വിനോദ്‌ കൃഷ്‌ണ എന്നിവർ സർഗസംവാദം നടത്തി. ഡോ. സുമി ജോയി ഒലിയപ്പുറം മോഡറേറ്ററായി. റാം മോഹൻ പാലിയത്ത്‌ പ്രഭാഷണം നടത്തി. വൈക്കം മുഹമ്മദ്‌ ബഷീർ കൃതികളുടെ സ്വതന്ത്ര നാടകാവിഷ്‌കാരം ‘ആടുജീവിതം’ അരങ്ങേറി. തുടർന്ന്‌ കെ എസ്‌ സുദർശൻ, വൈശാഖ്‌ രജീഷ്‌ എന്നിവർ ‘തബല ഫ്യൂഷൻ’ അവതരിപ്പിച്ചു. ഞായറാഴ്ച സമാപിക്കും.


അടുത്തറിയാം ‘നാലുകെട്ടും നിളയും’

എം ടി വാസുദേവൻനായരുടെ ‘നാലുകെട്ട്‌’ നോവലിനെ ആസ്പദമാക്കിയുള്ള സാഹിത്യ ഫോട്ടോഗ്രഫി പ്രദർശനം ‘നാലുകെട്ടും നിളയും’ പുസ്തകോത്സവത്തിൽ ശ്രദ്ധേയമാകുന്നു. ഡി മനോജ്‌ വൈക്കം, നോവലിൽ പരാമർശിക്കുന്ന കൂടല്ലൂരിലും പരിസരത്തുംനിന്ന്‌ പകർത്തിയ 50 ചിത്രങ്ങളാണ്‌ പ്രദർശിപ്പിക്കുന്നത്‌. ചിത്രങ്ങളുടെ അടിക്കുറുപ്പ്‌ നോവലിലെ വരികൾതന്നെയാണ്‌. ഡോ. എം ലീലാവതിയുടെ മലയാള കവിതാ സാഹിത്യ ചരിത്രത്തെ ആസ്പദമാക്കി ചിത്രകാരൻ സി വി ബേബി വരച്ച ‘എഴുത്തിന്റെ മുഖചിത്രങ്ങൾ’ ചിത്രപ്രദർശനവുമുണ്ട്‌. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home