Deshabhimani

അവയവം മാറ്റിവയ്‌ക്കൽ ആശുപത്രിക്കുപിന്നാലെ ടെട്രാപോഡും

ക്രെഡിറ്റ്‌ തട്ടൽ തുടർക്കഥ; 
കണ്ണമാലിയിൽ വീണ്ടും ഉദ്‌ഘാടനം

Ldf government

ചെല്ലാനത്തെ ടെട്രാപോഡ് കടൽഭിത്തി

avatar
സ്വന്തം ലേഖകൻ

Published on Oct 10, 2026, 01:05 AM | 1 min read

പള്ളുരുത്തി

എൽഡിഎഫ്‌ സർക്കാർ തുടങ്ങിവച്ച പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്ന വി ഡി സതീശൻ സർക്കാരിന്റെ നീക്കങ്ങൾ കണ്ണമാലിയിലും. കോഴിക്കോട്‌ ചേവായൂരിൽ എൽഡിഎഫ്‌ സർക്കാർ തുടക്കംകുറിച്ച അവയവം മാറ്റിവയ്‌ക്കൽ ആശുപത്രിയുടെ ക്രഡിറ്റ്‌ സ്വന്തമാക്കാനുള്ള കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രി വി ഡി സതീശന്റെ പാഴ്‌ശ്രമം മാധ്യമങ്ങൾ പൊളിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ട പദ്ധതി, യുഡിഎഫ്‌ സർക്കാർ അനുവദിച്ചെന്ന വിചിത്ര പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതാണ്‌ അപഹാസ്യമായത്‌.


അതേതരത്തിൽതന്നെയാണ്‌ ചെല്ലാനം ടെട്രാപോഡ് കടൽഭിത്തി രണ്ടാംഘട്ടത്തിന്റെ നിർമാണോദ്‌ഘാടനത്തിന്‌ യുഡിഎഫ്‌ സർക്കാർ തീയതി കുറിച്ചിരിക്കുന്നത്‌. ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി കണ്ണമാലി തീരത്തെ രണ്ടാംഘട്ട കടൽഭിത്തി നിർമാണത്തിന്റെ ഉദ്‌ഘാടനവും നടത്തിയാണ്‌ എൽഡിഎഫ്‌ സർക്കാർ അധികാരമൊഴിഞ്ഞത്‌. തുടർന്നുവന്ന യുഡിഎഫ്‌ സർക്കാർ പദ്ധതിക്ക്‌ ബജറ്റിൽ നയാപൈസ നീക്കിവച്ചില്ലെങ്കിലും രണ്ടാം നിർമാണോദ്‌ഘാടനം 31ന്‌ നടത്താനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. മുഖ്യമന്ത്രി വി ഡി സതീശനാണ്‌ ഉദ്‌ഘാടനം ചെയ്യുക. ​

ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെ 347 കോടി രൂപ ചെലവിലാണ്‌ ഒന്നാംഘട്ട കടൽഭിത്തി നിർമിച്ചത്‌. രണ്ടാംഘട്ടമായി പുത്തന്‍തോടുമുതല്‍ വടക്കോട്ട് കണ്ണമാലി പ്രദേശം ഉള്‍പ്പെടുന്ന 6.1 കിലോമീറ്റർ ടെട്രാപോഡ്‌ കടൽഭിത്തി നിർമിക്കാനുള്ള പദ്ധതി തയ്യാറാക്കി 404 കോടിയുടെ ഭരണാനുമതിയും എൽഡിഎഫ്‌ സർക്കാർ നൽകി.


ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണവും രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനവും കഴിഞ്ഞ മാർച്ച്‌ ഏഴിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്‌. തുടർന്ന് വന്ന യുഡിഎഫ് സർക്കാർ രണ്ടാംഘട്ട നിർമാണത്തിൽ താൽപ്പര്യം കാണിക്കാതിരുന്നത്‌ വലിയ പ്രതിഷേധത്തിനിടയാക്കി. മുൻ സർക്കാർ ഒരുതവണ നിർമാണോദ്ഘാടനം നടത്തിയ പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്യുന്നതിലും ആക്ഷേപമുണ്ട്. അടിയന്തരപ്രധാന്യത്തോടെ കടൽഭിത്തി നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home