വീടുമുതൽ റേഷൻ കാർഡുവരെ ; ആശ്വാസത്തണലായി പബ്ലിക് സ്ക്വയർ

കളമശേരി
വൈവിധ്യമാര്‍ന്ന പ്രശ്നങ്ങളും പരാതികളുമാണ് കളമശേരി മണ്ഡലത്തില്‍ മന്ത്രി പി രാജീവ് സംഘടിപ്പിച്ച പബ്ലിക് സ്ക്വയർ അദാലത്തിൽ പരിഹരിച്ചത്. കരുമാല്ലൂർ ചെട്ടിക്കാട് പാറക്കുളം സ്വദേശികളായ ലീലയും ഭിന്നശേഷിക്കാരനായ മകൻ ഷിനോജും നിലംപൊത്താറായ ഷെഡിലെ ദുരിതജീവിതവുമായാണ് ക്യാമ്പിലെത്തിയത്. മന്ത്രിയുടെ സ്നേഹഭവനം പദ്ധതിയിൽ വീട് നൽകുമെന്ന പ്രഖ്യാപനം ഇവര്‍ക്ക് ആശ്വാസമായി. അദാലത്തില്‍ പങ്കെടുത്ത് പുഞ്ചിരിയോടെ മടങ്ങിയവർ നിരവധി.
പ്രളയത്തിൽ വീട് തകർന്ന ഏലൂരിലെ ഫാത്തിമയ്ക്കും സ്നേഹഭവനം നിർമിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. ഏലൂർ സ്വദേശികളായ മൂന്നുപേർക്കുകൂടി കിടപ്പാടമൊരുങ്ങിയിട്ടുണ്ട്. ഏലൂർ നഗരസഭയുടെ ആശ്രയഭവനിലെ ഭവന യൂണിറ്റുകളാണ് ഇവർക്ക് അനുവദിച്ചത്. അദാലത്തിൽ നിരവധി പരാതികള്‍ക്കാണ് പരിഹാരമായത്. മെയ് 13 മുതൽ മന്ത്രി പി രാജീവ് നടത്തിയ അദാലത്തില്‍ പൊതുജനങ്ങൾക്ക് കലക്ടർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരോടും നേരിട്ട് സംസാരിക്കാൻ കഴിഞ്ഞു. പഞ്ചായത്ത് - നഗരസഭാ തലത്തിൽ ഇത്ര വിപുലമായ അദാലത്തുകൾ നടക്കുന്നത് ആദ്യം. ആറു തദ്ദേശസ്ഥാപനങ്ങളിലുമായി 1280 പരാതികൾ പരിഗണിച്ചു. 908 എണ്ണം തീർപ്പാക്കി. 372 പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് റിപ്പോർട്ട് തേടി തീർപ്പാക്കും.
ലഭിച്ചതും തീർപ്പാക്കിയതുമായ പരാതികൾ (തീർപ്പാക്കിയ പരാതികളുടെ എണ്ണം ബ്രാക്കറ്റിൽ): കളമശേരി നഗരസഭ - 201 (156), കുന്നുകര -180 (120), ആലങ്ങാട് -190 (150), കടുങ്ങല്ലൂർ -194 (127), കരുമാല്ലൂർ 315 (225), ഏലൂർ- 200 (130).
പട്ടയപ്രശ്‌നം, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം, മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അപേക്ഷകൾ, മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു പരാതികളിൽ അധികവും. വകുപ്പുകളിൽ കയറിയിറങ്ങേണ്ട പരാതികൾ ഒറ്റവേദിയില്‍ പരിഹരിക്കാനായി എന്നതാണ് നേട്ടം.
ജനപ്രതിനിധികൾ, ഉന്നതോദ്യോഗസ്ഥർ എന്നിവരെ ഏറ്റവും അടിസ്ഥാനവേദിയിൽ അണിനിരത്തി ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാനായതാണ് പബ്ലിക് സ്ക്വയറിന്റെ നേട്ടമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പരാതിപരിഹാര ഉത്തരവുകൾ നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താൻ അവലോകനയോഗം ചേരും. രണ്ടാംഘട്ടത്തിൽ വിവിധ മേഖലകളിൽനിന്നുള്ളവരുമായി ജൂണിൽ മുഖാമുഖം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.










0 comments