മാധ്യമവേട്ടയിൽ പ്രതിഷേധം ജ്വലിച്ചു

റിപ്പോർട്ടർ ചാനൽ ന്യൂസ് ഡെസ്കിലെ പൊലീസ് അതിക്രമത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ കളമശേരി പൊലീസ് സ്റ്റേഷൻ മാർച്ച്
കൊച്ചി
റിപ്പോർട്ടർ ചാനൽ ന്യൂസ് ഡെസ്കിലെ പൊലീസ് അതിക്രമത്തിനെതിരെ നാടെങ്ങും പ്രതിഷേധം. മാധ്യമങ്ങളുടെ നാവടക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിനുള്ള താക്കീതായി പ്രതിഷേധങ്ങൾ. അടിയന്തരാവസ്ഥക്കാലത്തേതിന് സമാനമായ പൊലീസ് രാജിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുയർന്നു.
റിപ്പോർട്ടർ ചാനൽ ന്യൂസ് ഡെസ്കിലെ പൊലീസ് അതിക്രമത്തിനെതിരെ സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി നഗരത്തിൽ നടത്തിയ മാർച്ച്
സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി സി മണി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി വി പ്രവീൺ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ് സംസാരിച്ചു.
ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമൽ സോഹൻ, മനീഷ രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് പി എ അഷ്കർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം റിഞ്ചു രാജ്, അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.
കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കമീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ സെബാസ്‌റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ഗോപകുമാർ, ജില്ലാ സെക്രട്ടറി എം ഷജിൽകുമാർ, ഫിലിപ്പോസ് മാത്യു, ജിപ്‌സൺ സിക്കേര, ടി പി പ്രശാന്ത് എന്നിവർ സംസാരിച്ചു.
ജനാധിപത്യ സമൂഹത്തിനുനേരെയുള്ള കടന്നാക്രമണം: എസ് സതീഷ്
കൊച്ചി
റിപ്പോർട്ടർ ടിവി ഓഫീസിൽ പരിശോധന നടത്തി മാധ്യമപ്രവർത്തകരുടെ പ്രവർത്തനസ്വാതന്ത്ര്യം തടഞ്ഞ പൊലീസ്‌നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷ് പറഞ്ഞു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പരിശോധന എന്നപേരിലായിരുന്നു മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചുവച്ച് പൊലീസ് ഗുണ്ടായിസം. ഒരുസംഘം പൊലീസുകാർ പുലർച്ചെ കളമശേരിയിലെ ഓഫീസിൽ കടന്നുകയറുകയായിരുന്നു. മാധ്യമപ്രവർത്തകരും സാങ്കേതികവിഭാഗം ജീവനക്കാരുംമാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്കിൽ ജോലി തടസ്സപ്പെടുത്തുന്നരീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്.
റിപ്പോർട്ടർ ടിവിയുടെ സംപ്രേഷണം തടയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഫോണുകൾ ഉൾപ്പെടെ പിടിച്ചുവച്ചത്. ഇത്തരം സംഭവങ്ങൾ കേട്ടുകേൾവിപോലുമില്ലാത്തതാണ്. പരിശോധനയുടെ കാരണമോ മറ്റ് വിവരങ്ങളോ മാധ്യമപ്രവർത്തകരോട് പറയാൻപോലും ഉദ്യോഗസ്ഥർ തയ്യാറായില്ല. ജോലിക്കെത്തിയ മാധ്യമപ്രവർത്തകരുടെ ഫോൺ ഉൾപ്പെടെ പിടിച്ചുവയ്‌ക്കുന്നത് അപലപനീയമാണ്.
സ്വതന്ത്രമായ മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ നാലാംതൂണായി നിലകൊള്ളുമ്പോൾ, അതിനെ തകർക്കുന്നതരത്തിലുള്ള കടന്നാക്രമണങ്ങൾ ജനാധിപത്യ സമൂഹത്തിനുനേരെയുള്ള വെല്ലുവിളിയാണ്. രാജ്യത്ത് മാധ്യമങ്ങളെ വിലയ്ക്കുവാങ്ങിയും നിയന്ത്രിച്ചും മുന്നോട്ടുപോകുന്ന മോദി സർക്കാരിന്റെ മറ്റൊരു രൂപമാണ് മുഖ്യമന്ത്രി വി ഡി സതീശനിലൂടെ കേരളത്തിലും നടപ്പാകുന്നത്. മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എസ് സതീഷ് പറഞ്ഞു.
കളമശേരി പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്
കളമശേരി
റിപ്പോർട്ടർ ടിവി വാർത്താ ചാനലിന്റെ ന്യൂസ് റൂമിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ വ്യാഴം രാവിലെ 10ന് സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും.
ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും. സൗത്ത് കളമശേരിയിൽനിന്ന് രാവിലെ 10ന് പ്രകടനം ആരംഭിക്കും.








0 comments