പോക്സോ കേസ് പ്രതിക്ക് 83 വർഷം കഠിനതടവും പിഴയും

മൂവാറ്റുപുഴ
ആദിവാസി വിഭാഗത്തില്‍പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 83 വർഷം കഠിനതടവും ഒരുലക്ഷത്തിപതിനായിരം രൂപ പിഴയും. പൂയംകൂട്ടി തലവച്ചപാറ ആദിവാസി ഉന്നതിയിലെ ഷാജി (35 കുഞ്ഞാണ്ടി) യെയാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ജി മഹേഷ് ശിക്ഷിച്ചത്. പിഴ തുകയിൽ നിന്ന് ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. വിവിധ വകുപ്പ് പ്രകാരം വിധിച്ച ശിക്ഷ പ്രകാരമുള്ള തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതി.
ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന പെൺകുട്ടി 2019ൽ വേനൽ അവധിക്കാലത്തും സെപ്റ്റംബറിൽ ഓണം അവധിക്കാലത്തും വീട്ടിൽ എത്തിയപ്പോൾ പല തവണ ഷാജിയുടെ പീഡനത്തിനിരയായി. പെൺകുട്ടിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതോടെ സംശയം തോന്നിയ ഹോസ്റ്റൽ വാർഡൻ 2020 ഫെബ്രുവരി 20ന് പെൺകുട്ടിയെ ഗവ. ആശുപത്രിയിൽ എത്തിച്ച് പരിശോധിപ്പിച്ചപ്പോഴാണ് അഞ്ച് മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന്, ഹോസ്റ്റൽ അധികൃതർ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയിലാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർമാരായ ടി എ യൂനസ്, ബി അനിൽ, സബ് ഇൻസ്പെക്ടർ വി കെ ശശി കുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി എം സൈനബ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്. പ്രൊസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ പി ആർ ജമുന ഹാജരായി.










0 comments