രവിപുരത്ത് പ്രിന്റിങ് പ്രസ് കത്തിനശിച്ചു; കോടിയിലധികം രൂപയുടെ നഷ്ടം

രവിപുരത്ത് സ്വകാര്യ അച്ചടിസ്ഥാപനം കത്തിനശിച്ചനിലയിൽ
കൊച്ചി
രവിപുരത്ത് പ്രിന്റിങ് പ്രസ് തീപിടിച്ച് നശിച്ചു. ഒരു കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്‌നി രക്ഷാസേന അറിയിച്ചു. രവിപുരം കെ എസ് എൻ മേനോൻ റോഡിൽ പ്രവർത്തിക്കുന്ന ‘ജാസ്‌മിൻ ഗ്രാഫിക്‌സി’ലാണ് വ്യാഴം രാവിലെ 8.30ഓടെ തീപിടിച്ചത്.
പത്ത് ജീവനക്കാരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. പ്രസ് തുറക്കുന്നതിന് ജീവനക്കാർ എത്തിയിരുന്നില്ല. വൻ അപകടമാണ് ഒഴിവായതെന്നും വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായും അഗ്‌നി രക്ഷാസേന പറഞ്ഞു. കുന്പളം ജാസ്‌മിൻ ഹൗസിൽ ജി സുരേഷിന്റെയാണ് പ്രസ്. അഗ്‌നി രക്ഷാസേനയുടെ ഗാന്ധിനഗർ, ക്ലബ് റോഡ്, വൈപ്പിൻ, തൃക്കാക്കര യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
രണ്ട് പ്രിന്റിങ് മെഷീനുകൾ, ഒരു പേപ്പർ കട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ കത്തിനശിച്ചതായി ജി സുരേഷ് പറഞ്ഞു. രണ്ട് എസികളും കത്തിനശിച്ചു. ഓർഡർ ലഭിച്ചതനുസരിച്ച് പ്രസിൽ അച്ചടിച്ച് സൂക്ഷിച്ചിരുന്ന ബുക്കുകളും മൂന്നര ടൺ പ്രിന്റിങ് പേപ്പറും കത്തിനശിച്ചിട്ടുണ്ട്. മകൾ ദേവിക വ്യാഴം രാവിലെ 8.30ന് പ്രസ് തുറക്കാൻ എത്തിയപ്പോഴാണ് തീ കണ്ടതെന്ന് ജി സുരേഷ് പറഞ്ഞു. ഉടനെ അഗ്‌നി രക്ഷാസേനയെ അറിയിച്ചു. ജില്ലാ ഫയർ ഓഫീസർ എ എസ് ജോജി, ക്ലബ് റോഡ് സ്‌റ്റേഷൻ ഓഫീസർ ആർ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീയണച്ചത്.











0 comments