ad
Deshabhimani

മാജിക് കൂജ മുതൽ ടെറാക്കോട്ട ചിത്രങ്ങൾവരെ

കളിമണ്ണിൽ കഥപറഞ്ഞ്‌ 
നിലമ്പൂരിന്റെ ‘അനശ്വരം'

Pottery exhibition

എറണാകുളം വുമൺസ് അസോസിയേഷൻ ഹാളിൽ നിലമ്പൂർ ‘അനശ്വരം' സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കളിമൺപാത്ര പ്രദർശന–വിപണന മേള

വെബ് ഡെസ്ക്

Published on May 10, 2026, 01:52 AM | 1 min read

കൊച്ചി


കളിമണ്ണിൽ വിരിയുന്ന കരവിരുതും ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയുമായി നിലമ്പൂരിൽനിന്നുള്ള ‘അനശ്വരം' മൺപാത്രപ്രദർശനത്തിന്‌ എറണാകുളം വുമൺസ് അസോസിയേഷൻ ഹാളിൽ തുടക്കം. നിലമ്പൂരിലെ കുംഭാര സമുദായത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിന്‌ കുടുംബശ്രീ സഹായത്തോടെ രൂപീകരിച്ച ‘അനശ്വരം' സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രദർശന–വിപണന മേള ഒരുക്കിയിരിക്കുന്നത്‌. 500-ൽപ്പരം കുടുംബങ്ങൾ സജീവമായിരുന്ന മേഖലയിൽ പാരമ്പര്യം മുറുകെപിടിക്കുന്നത് അമ്പതോളം കുടുംബങ്ങൾമാത്രമാണ്. പുതിയ തലമുറ തൊഴിലിൽനിന്ന് അകലുമ്പോഴും കലയെ കാത്തുസൂക്ഷിക്കാനുള്ള ശ്രമമാണ്‌ 20 അംഗങ്ങളുള്ള അനശ്വരം സംഘം നടത്തുന്നത്‌.


പരമ്പരാഗത ശൈലികൾ വിടാതെ ആധുനിക അടുക്കളകൾക്ക് അനുയോജ്യമായ രീതിയിലാണ്‌ മൺപാത്ര നിർമാണം. ഗ്യാസ് അടുപ്പിലും മൈക്രോവേവ് ഓവനിലും ഉൾപ്പെടെ ഉപയോഗിക്കാമെന്നതാണ്‌ പ്രത്യേകത. രാസവസ്‌തുക്കൾ ചേർക്കാതെ മണ്ണ് അരച്ചെടുത്ത് പുഴങ്കല്ലുകൊണ്ടുരച്ച്‌ മിനുക്കിയെടുത്ത പാത്രങ്ങളാണിവ. മീൻകറി ചട്ടികൾ, ചിക്കൻകറി ചട്ടികൾ, അപ്പച്ചട്ടികൾ, ഫുൽക്ക ചപ്പാത്തിച്ചട്ടി, കൂജകൾ, മാജിക് കൂജകൾ, കപ്പ്, ഗ്ലാസ്, ഫ്രയിങ്‌ പാൻ എന്നിവയുടെ വലിയ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്‌. ഇൻഡോർ പ്ലാന്റ്‌ ചട്ടികൾമുതൽ ടെറാക്കോട്ടയിൽ തീർത്ത ചുവർചിത്രങ്ങൾവരെ പ്രദർശനത്തിനുണ്ട്‌. കുങ്കുമച്ചെപ്പുകൾ, പെൻ ഹോൾഡർ, മെഴുകുതിരി സ്റ്റാൻഡുകൾ, ഗാർഡൻ ജാർ, പക്ഷികൾക്ക് വെള്ളം കുടിക്കാനുള്ള ‘ബേഡ് ബാത്തുകൾ', മൺപ്രതിമകൾ തുടങ്ങിയവയും വാങ്ങാം. 150 രൂപയുടെ മൺചെപ്പുകൾമുതൽ 9,900 രൂപ വിലവരുന്ന വലിയ കുടങ്ങൾവരെ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്‌.


നിലമ്പൂരിന്റെ മണ്ണിൽവിരിഞ്ഞ വിസ്‌മയങ്ങൾ സ്വന്തമാക്കാനും കളിമൺകലയുടെ വീണ്ടെടുപ്പിന് സാക്ഷ്യം വഹിക്കാനും നിരവധി പേരാണെത്തുന്നത്‌. 17 വരെയാണ്‌ പ്രദർശനം. ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ്‌ പ്രവേശനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home