കനാലിൽ ഗർത്തം; കുടിവെള്ളം മുടങ്ങാൻ സാധ്യത

പെരിയാർവാലി മുടിക്കൽ ബ്രാഞ്ച് കനാലിൽ കൈത്തോട്ട് പാറയ്ക്കുസമീപം കോൺക്രീറ്റ് സ്ലാബിൽ രൂപപ്പെട്ട ഗർത്തം
പെരുമ്പാവൂർ
പെരിയാർവാലി മുടിക്കൽ ബ്രാഞ്ച് കനാലിന്റെ കൈത്തോട്ടുപാറക്ക് സമീപമുള്ള കോൺക്രിറ്റ് സ്ലാബിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ജലം പാഴാകുന്നു. അല്ലപ്ര, നെടുന്തോട്, മുടിക്കൽ പ്രദേശത്തേക്ക് കൃഷിക്കും കുടിനീരിനുമായി ആശ്രയിക്കുന്ന കനാലിൽ വലിയതോതിൽ ജലം പാഴാകുകയാണ്. ഇതുമൂലം ഈ പ്രദേശങ്ങളിൽ വരൾച്ചയും കുടിവെള്ളക്ഷാമവും വരുംദിവസങ്ങളിൽ രൂക്ഷമാകും. കൈത്തോട്ടിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാനായി കനാലിൽ നിർമിച്ച കലുങ്കിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നാണ് വലിയ ഗർത്തം രൂപപ്പെട്ടത്. തൊഴിലുറപ്പ് തൊഴിലാളികളെ മാറ്റിനിർത്തി സ്വകാര്യകരാറുകാർക്ക് കനാൽ ശുചീകരണജോലി ഏൽപ്പിച്ചതോടെ അവർ മണ്ണുമാന്തിയന്ത്രമുപയോഗിച്ചാണ് ശുചീകരണം നടത്തിയത്. അതുമൂലം നിരവധി കനാലുകളുടെ റോഡരികുകൾ പലയിടത്തും തകർന്നിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധവുമുണ്ടായി. ഈ കനാലും കരാറുകാർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ശുചീകരണം നടത്തിയിട്ടുള്ളത്. അതാണ് കോൺക്രീറ്റ് സ്ലാബ് തകർന്ന് ഗർത്തം രൂപപ്പെടാൻ കാരണമായതെന്ന് ആരോപണമുണ്ട്. ടാങ്ക് സിറ്റിയിൽനിന്ന് തുടങ്ങുന്ന കനാലിലേക്ക് നിറയെ വെള്ളം തുറന്നുവിട്ടാൽ മാത്രമേ അല്ലപ്ര, നെടുന്തോട്, മുടിക്കൽ ഭാഗത്ത് വെള്ളം എത്തൂ. കനാലിന് നടുക്ക് വലിയ ഗർത്തം രൂപപ്പെട്ടതോടെ ഈ പ്രദേശങ്ങളിലേക്ക് ജലവിതരണം എത്താത്ത സ്ഥിതിയുണ്ടാകും. അടിയന്തരമായി അധികൃതർ പരിഹാരം കാണണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.








0 comments