പോക്സോ കേസ്: യുവാവിന് 47 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും

ജിബിൻ
മൂവാറ്റുപുഴ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 47 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു. വൈക്കം കടവൂർ കളത്തിൽ വീട്ടിൽ ജിബിനെ (37)യാണ് മൂവാറ്റുപുഴ പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി എ സമീർ ശിക്ഷിച്ചത്. 2021ലാണ് സംഭവം. കോതമംഗലം സ്വദേശിനിയാണ് പെൺകുട്ടി.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ പെൺകുട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ ബന്ധുക്കൾ കോതമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ജിബിനെയും പെൺകുട്ടിയെയും പൊലീസ് കണ്ടെത്തിയത്.
കോതമംഗലം, കുമളി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കോതമംഗലം സിഐമാരായ വി എസ് വിപിൻ, ബേസിൽ തോമസ്, എസ് ഐ ഷാജി കുര്യാക്കോസ്, എഎസ്ഐ ജോബി മത്തായി, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ ബഷീറ, ബിന്ദു എന്നിവർ അന്വേഷകസംഘത്തിലുണ്ടായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി ആർ ജമുന ഹാജരായി.










0 comments