പ്ലസ്‌വൺ പ്രവേശനത്തിന് ഒരുക്കം തുടങ്ങി

കൊച്ചി
എസ്എസ്എല്‍സി ഫലം വന്നതോടെ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ജില്ലയിൽ 196 ഹയർ സെക്കൻഡറി സ്കൂളുകളാണുള്ളത്. സർക്കാർ സ്കൂൾ– -67, എയ്‌ഡഡ്–- 92, അൺ എയ്‌ഡഡ്– -32, സ്‌പെഷ്യൽ– ഒന്ന്, റസിഡൻഷ്യൽ– -ഒന്ന്, ടെക്‌നിക്കൽ–- മൂന്ന്. കഴിഞ്ഞ അധ്യയന വർഷത്തെ കണക്കുപ്രകാരം ജില്ലയിൽ ഹയർ സെക്കൻഡറിയിൽ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് വിഭാഗങ്ങളിലായി 37,900 സീറ്റുകളുണ്ട്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലായി 651 ബാച്ചുകളുമുണ്ട്.
സാങ്കേതികപഠനം ആഗ്രഹിക്കുന്നവർക്ക് പോളിടെക്‌നിക്കുകളിലെ എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളും തെരഞ്ഞെടുക്കാം. നാല് ഗവ. പോളിടെക്‌നിക്കുകളും സ്വാശ്രയ മേഖലയില്‍ 12 സ്ഥാപനങ്ങളുമാണ് ജില്ലയിലുള്ളത്. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ലാറ്ററൽ എൻട്രിവഴി എൻജിനീയറിങ് ഡിഗ്രി പ്രവേശനവും തേടാം. എൻജിനീയറിങ് വിഷയങ്ങൾക്കുപുറമെ കൊമേഴ്സ്യൽ പ്രാക്ടീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വിഷയങ്ങളിലും ഡിപ്ലോമ പഠനത്തിന് ചില പോളിടെക്‌നിക്കുകളിൽ അവസരമുണ്ട്. ഐഎച്ച്ആർഡിക്ക് കീഴിലുള്ള മോഡൽ പോളിടെക്‌നിക് കോളേജുകളിലും ഡിപ്ലോമ പഠനത്തിനായി നോക്കാം.
കൈത്തൊഴില്‍ പഠിച്ച് എത്രയുംവേഗം സര്‍ട്ടിഫിക്കറ്റോടെ ജോലി മേഖലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുന്നിലെ വലിയ സാധ്യതയാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്‌നിങ് ലഭ്യമാകുന്ന ഐടിഐകള്‍. സര്‍ക്കാര്‍ മേഖലയിലും സ്വാശ്രയ മേഖലയിലുമാണ് ഭൂരിഭാഗം ഐടിഐകളും പ്രവര്‍ത്തിക്കുന്നത്. ഒരുവര്‍ഷവും രണ്ടുവര്‍ഷവുമുള്ള ഡിപ്ലോമ കോഴ്‌സുകളാണ് മുഖ്യ ആകര്‍ഷണം.










0 comments