വലിയ മാറ്റങ്ങൾ ; കൊച്ചി ആധുനിക നഗരമായി ഉയരുന്നു : മുഖ്യമന്ത്രി
print edition വിജയോർജം പകർന്ന് ജനനായകൻ

കൊച്ചി
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മിന്നുംവിജയം ലക്ഷ്യമിടുന്ന എൽഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്ന് ജനനായകൻ. എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗം ഉദ്‌ഘാടനംചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ വിജയോർജമായി. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും വികസനങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം യുഡിഎഫ് കാലത്ത് സംസ്ഥാനത്തുണ്ടായ തകർച്ചയും നിരാശയും ചൂണ്ടിക്കാട്ടി. കൊച്ചിയിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതി നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ ഓരോന്നും മുഖ്യമന്ത്രി പറഞ്ഞപ്പോൾ വികസനം തുടരാൻ എൽഡിഎഫ് തുടരണമെന്ന് നാടും നഗരവും വീണ്ടും ഉറപ്പിച്ചു.
സിപിഐ ജില്ലാസെക്രട്ടറി എൻ അരുൺ അധ്യക്ഷനായി. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ, ജില്ലാസെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, സി എം ദിനേശ്‌മണി, എം അനിൽകുമാർ, എംഎൽഎമാരായ കെ ജെ മാക്‌സി, പി വി ശ്രീനിജിൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ഡോ. ജോ ജോസഫ്, ഘടകകക്ഷി നേതാക്കളായ വി വി ജോഷി, സാബു ജോർജ്, പി ജെ കുഞ്ഞുമോൻ, ജോസ് പുത്തൻവീട്ടിൽ, ബൈജു പായിപ്ര, അനിൽ കാഞ്ഞിലി എന്നിവർ സംസാരിച്ചു. സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി നന്ദി പറഞ്ഞു.

വലിയ മാറ്റങ്ങൾ ; കൊച്ചി ആധുനിക നഗരമായി ഉയരുന്നു: മുഖ്യമന്ത്രി
സംസ്ഥാന സർക്കാരിന്റെയും കോർപറേഷൻ ഭരണസമിതിയുടെയും നേതൃത്വത്തിൽ കൊച്ചി കൈവരിച്ച നേട്ടങ്ങളും നഗരത്തിലുണ്ടായ മാറ്റങ്ങളും അക്കമിട്ട് നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘സാധാരണ വികസനമല്ല, ജനജീവിത നിലവാരത്തെയും നഗരവികസനത്തെയും നേരിട്ട് സ്‌പർശിക്കുന്നതാണ് ആ മാറ്റങ്ങൾ. അത് എല്ലാവർക്കും ബോധ്യമുള്ളതാണ്. വലിയതോതിൽ അഭിമാനമായി മാറിയ ഒട്ടേറെ പദ്ധതികൾ നഗരത്തിന്റെ സ്വന്തമായുണ്ട്. കൊച്ചിയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്, ആധുനിക നഗരങ്ങൾക്കൊപ്പം തലയുയർത്തിനിൽക്കാൻ സാധിക്കുംവിധം കൊച്ചിയെ മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് ഉറച്ചചുവടുകളോടെ മുന്നേറുകയാണ്.’’– എറണാകുളം പ്രസ്-ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംവാദത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സമൃദ്ധി, തുരുത്തി- മുണ്ടംവേലി ഫ്ളാറ്റുകൾ
വിശപ്പുരഹിത നഗരമെന്ന സ്വപ്‌നം സമൃദ്ധി @കൊച്ചി ജനകീയ ഭക്ഷണശാലയിലൂടെ യാഥാർഥ്യമാക്കി. ചേരികളിൽ ജീവിതം നയിച്ച, അങ്ങേയറ്റം ദുരിതപർവം താണ്ടിയിരുന്ന തുരുത്തിയിലെയും പിആൻഡ്‌ടി കോളനിയിലെയും സഹോദരങ്ങൾക്കായി ആധുനിക സൗകര്യങ്ങളുള്ള ഫ്ലാറ്റുകൾ ഉയർന്നു.
അഭിമാനമായി മെട്രോ
കൊച്ചി മെട്രോ, ജലമെട്രോ എന്നിവയെല്ലാം കേരളത്തിന്റെയാകെ അഭിമാനമായി. മറ്റുപല സംസ്ഥാനങ്ങളും ജലമെട്രോ അവിടെ പകർത്താൻ ബന്ധപ്പെടുന്നു. വിദേശ രാഷ്‌ട്രങ്ങൾപോലും ജലമെട്രോയുമായി ബന്ധപ്പെട്ട് അവരുടെ നാട്ടിൽ പ്രാവർത്തികമാക്കാനുള്ള ചർച്ചകൾ നടത്തുന്നു.

ഓപ്പറേഷൻ ബ്രേക്‌ത്രൂ, ഹൈടെക് മാർക്കറ്റ്, സ്‌മാർട്ട് റോഡുകൾ
കൊച്ചിയുടെ ശാപമായ വെള്ളക്കെട്ട് "ബ്രേക്‌ത്രൂ'വിലൂടെ പരിഹരിച്ചു. ഗതാഗതക്കുരുക്കിന് പരിഹാരമായി സ്‌മാർട്ട് റോഡുകൾ, മൂന്നാം റോ റോ, തമ്മനം പുല്ലേപടി റോഡ് വികസനം എന്നിവയെല്ലാം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. എറണാകുളം മാർക്കറ്റിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി.
ബ്രഹ്മപുരത്തെ മാലിന്യമല നീക്കി
ബ്രഹ്മപുരത്തെ മാലിന്യമല നീക്കംചെയ്‌തു. പ്രദേശത്തെ പച്ചപ്പിലേക്ക് തിരികെക്കൊണ്ടുവന്നു.
സാംസ്‌കാരികരംഗത്തും വളരുന്നു
മഹാകവി ജി ശങ്കരക്കുറുപ്പിനും എം കെ അർജുനനും ഉചിതമായ സ്‌മാരകങ്ങൾ ഒരുക്കി. സാംസ്‌കാരികരംഗത്തും കൊച്ചി വളരുകയാണ്. മാറ്റങ്ങൾ ആഹ്ലാദത്തോടെയാണ് നാട് കാണുന്നത്.










0 comments