തുണയുണ്ട് പെരുമ്പാവൂരിന്

എൽഡിഎഫ് സർക്കാർ അഞ്ചുകോടി ചെലവഴിച്ച് നിർമിച്ച പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ
ഇ കെ ഇക്‌ബാൽ
Published on Feb 07, 2026, 02:00 AM | 1 min read
പെരുമ്പാവൂർ
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർമിക്കുന്ന ബൈപാസിനോട് മുഖംതിരിഞ്ഞുനിൽക്കുന്ന എംഎൽഎ. എന്നാൽ, 2016ൽ എൽഡിഎഫ് സർക്കാർ ബൈപാസിന് ഫണ്ട് അനുവദിച്ച് നിർമാണം തുടങ്ങി. 30 കോടി രൂപ ചെലവിലാണ് നിർമാണം പുരോഗമിക്കുന്നത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിസ്സഹകരണം തുടരുന്പോൾ, എൽഡിഎഫ് സർക്കാർ പെരുന്പാവൂരിന് തുണയാവുകയാണ്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ 40 കോടി രൂപ ചെലവഴിച്ച് നിർമിച്ച വല്ലം–കാഞ്ഞൂർ പാലം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽനിന്നുള്ളവർക്ക് കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കി. കാലടി–പെരുമ്പാവൂർ പട്ടണങ്ങളിലുള്ള ഗതാഗതക്കുരുക്ക് ഒരുപരിധിവരെ പരിഹരിക്കാനും പ്രയോജനപ്പെട്ടു.
വിനോദസഞ്ചാര വികസത്തിന് സാധ്യതയുള്ള നിരവധി പ്രദേശങ്ങൾ വേങ്ങൂർ, കൂവപ്പടി, ഒക്കൽ, അശമന്നൂർ പഞ്ചായത്തുകളിലുണ്ട്. ഒക്കൽ പഞ്ചായത്തിൽനിന്ന് ആരംഭിച്ച് കൂവപ്പടി പഞ്ചായത്തിലെ തോട്ടുവയിൽ അവസാനിക്കുന്ന ജലാശയങ്ങൾ വിനോദസഞ്ചാര പദ്ധതിക്ക് അനുയോജ്യമായവയാണ്. കോടനാട് അഭയാരണ്യം, പാണിയേലി പോര്, പാണംകുഴി എന്നിവിടങ്ങൾ വിദേശികളെയടക്കം ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. എന്നാൽ, ഇവിടങ്ങളിലെ വികസനസാധ്യതകൾ സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവരാനോ നടപടികൾ സ്വീകരിക്കാനോ എംഎൽഎ മുൻകൈയെടുത്തില്ല.
സർക്കാരിന്റെ ഇച്ഛാശക്തിയിൽ 1.30 കോടി രൂപ ചെലവിൽ പെരുന്പാവൂർ ഗവ. ബോയ്‌സ് എച്ച്‌എസ്‌എസ്, അഞ്ചുകോടി രൂപ ചെലവിൽ പെരുന്പാവൂർ ഗേൾസ് എച്ച്‌എസ്‌എസ്, മൂന്നുകോടി രൂപ ചെലവിൽ കല്ലിൽ ഗവ. എച്ച്‌എസ്‌എസ്, 1.8 കോടി രൂപ ചെലവിൽ വളയൻചിറങ്ങര ഗവ. എൽപിഎസ് എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ചു.
കണ്ടന്തറ ഗവ. യുപിഎസ്, മുടക്കുഴ ഗവ. യുപിഎസ്, അല്ലപ്ര ഗവ. യുപിഎസ്, ഇരിങ്ങോൾ വിഎച്ച്‌എസ്‌എസ്, വായ്ക്കര ഗവ. യുപിഎസ്, കൂവപ്പടി പോളിടെക്നിക് കോളേജ്, വേങ്ങൂർ ഐടിഐ എന്നിവിടങ്ങളിലും കോടികൾ ചെലവഴിച്ച് പുതിയ കെട്ടിടങ്ങൾ നിർമിച്ചു.
1.40 കോടി രൂപ ചെലവിൽ താലൂക്ക് ഗവ. ആശുപത്രി നവീകരിച്ചു. 99 ലക്ഷം രൂപ ചെലവിൽ മുടക്കുഴ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ മന്ദിരം നിർമിച്ചു. 44 ലക്ഷം രൂപ ചെലവിൽ അറയ്ക്കപ്പടി, രായമംഗലം വില്ലേജ് ഓഫീസുകൾ നവീകരിച്ചു. 11.76 കോടി രൂപ ചെലവിൽ പ്രധാന റോഡുകൾ നവീകരിച്ചു.










0 comments