ഉള്ളുലക്കും നിലവിളികൾ
കണ്ണീരായി അജ്‌മലും അജ്‌സലും

രക്ഷാപ്രവർത്തനം നടത്തിയ പി പി സജീവ്, മകൻ ബേസിൽ, ജോബി ജോസ് എന്നിവർ
ഇ കെ ഇക്‌ബാൽ
Published on Apr 29, 2026, 12:33 AM | 1 min read
പെരുമ്പാവൂർ
കനത്ത ചൂടിന് ആശ്വാസം തേടി നൂറുകണക്കിനുപേർ എത്തുന്ന പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് നേഴ്‌സിങ് വിദ്യാർഥികൾ മരിച്ചതിന്റെ സങ്കടത്തിലാണ് രക്ഷപ്രവർത്തകരും നാട്ടുകാരും. അജ്മലും അജ്സലുമാണ് പെരിയാർവാലി കനാലിൽ ചൊവ്വാഴ്‌ച മുങ്ങിമരിച്ചത്. ഒപ്പമുണ്ടായിരുന്ന എമിൽ സുനിലിനെ നാട്ടുകാർ രക്ഷപ്പെടുത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൂട്ടുകാരുടെ നിലവിളികൾ അശമന്നൂർ ഗ്രാമത്തെയാകെ കണ്ണീരിലാഴ്‌ത്തി.
സഹപാഠി ഗോകുൽ കൃഷ്ണയുടെ നിലവിളി കേട്ടാണ് പരിസരവാസികൾ സംഭവം അറിഞ്ഞത്. അശമന്നൂർ ഗവ. യുപി സ്കൂൾ ഡ്രൈവർ പൊക്കത്തായി വീട്ടിൽ പി പി സജീവ്, മകൻ പ്ലസ്ടു വിദ്യാർഥി ബേസിൽ, മാങ്കുഴ വീട്ടിൽ ജോബി ജോസ്, തട്ടുപറമ്പിൽ നിയോമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിനിറങ്ങി. അജ്മലിനെയും അജ്സലിനെയും കനാലിൽനിന്ന് കരയ്ക്ക് കയറ്റി. എമിൽ ഒഴുകിപ്പോയെന്നാണ് കരുതിയത്. സജീവനും ബേസിലും തെരച്ചിൽ നടത്തുന്നതിനിടെയാണ് കനാലിന്റെ അടിത്തട്ടിൽ പുല്ലിൽ പിടിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടത്. കനാലിൽനിന്ന് കയറ്റിയശേഷം സിപിആർ നൽകിയപ്പോൾ ജീവന്റെ തുടിപ്പുകണ്ടെത്തി. ഉടനെ കോതമംഗലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെയിൻ കനാലിൽ ഒഴുക്കും ആഴവുമുള്ളതിനാൽ നീന്തൽ അറിയാത്തവർ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ കോടനാട് ഭാഗത്തേക്കുള്ള സബ് കനാൽ, യുവാക്കൾ മുങ്ങിമരിച്ചതിനു സമീപത്തുനിന്നാണ് തുടങ്ങുന്നത്. ഇവിടെ മെയിൻ കനാലിനേക്കാൾ ഒഴുക്കും ആഴവും കുറവുമാണ്. പുറമേ നിന്നെത്തുന്നവരാണ് അപകടമറിയാതെ മെയിൻ കനാലിൽ ഇറങ്ങുന്നത്. ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുന്നവർ അടിത്തട്ടിലെ പായലിൽ കുരുങ്ങുന്നതും ഭീഷണിയാണ്. 80 പേരടങ്ങുന്നതാണ് അജ്‌മലിന്റെയും അജ്‌സലിന്റെയും ബാച്ച്. വിവരമറിഞ്ഞെത്തിയ കൂട്ടുകാരുടെ നിലവിളികൾ നാട്ടുകാരുടെ ഉള്ളുലച്ചു.










0 comments