പാരിയത്തുകാവിൽ വീടുകൾക്ക് കല്ലിട്ടു

പാരിയത്തുകാവിൽ നിർമിക്കുന്ന വീടുകൾക്ക് മന്ത്രി റോജി എം ജോൺ കല്ലിടുന്നു
പെരുന്പാവൂർ
പാരിയത്തുകാവിൽ ഏഴ് കുടുംബങ്ങൾക്ക് സർക്കാർ നിർമിച്ചുനൽകുന്ന വീടുകൾക്ക് മന്ത്രി റോജി എം ജോൺ കല്ലിട്ടു. കുടുംബങ്ങൾക്ക് ഇപ്പോൾ താമസിക്കുന്ന അതേ വസ്തുവിൽത്തന്നെയാണ് 1000 ചതുരശ്രയടിയുള്ള വീടുകൾ നിർമിക്കുന്നത്.
സർക്കാർ മേൽനോട്ടത്തിൽ സ്പോൺസർഷിപ് അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അറ്റാച്ച്ഡ് ബാത്ത്റൂമുകളോടുകൂടിയ മൂന്ന് കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, ലിവിങ് റൂം, സിറ്റൗട്ട്, അടുക്കള എന്നിവ അടങ്ങുന്നതാണ് വീടുകൾ. താമസക്കാരായ ഏഴ് കുടുംബങ്ങൾക്കുമായി അഞ്ച് സെന്റ് വീതമുള്ള ഭൂമിയും അതിലേക്കുള്ള വഴിയും അളന്നു തിരിച്ചു നൽകി.
യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് നരനയാട്ട് നടത്തിയിരുന്നു. തുടർന്ന് സിപിഐ എം നേതൃത്വത്തിൽ പ്രദേശത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള ചർച്ചയിലാണ് കുടുംബങ്ങൾക്ക് ഇവിടെ വീട് നിർമിച്ച് നൽകാൻ സർക്കാർ തയ്യാറായത്.
‘‘ഒരു തുണ്ടു ഭൂമിപോലും നൽകാതെ ഇറക്കിവിടാനുള്ള നീക്കം പൊളിച്ചത് സിപിഐ എം നേതാക്കളുടെ ഇടപെടലാണെന്ന് പാരിയത്ത് ഉന്നതിയിലെ കുടുംബങ്ങൾ പറഞ്ഞു. കുടി ഒഴിപ്പിക്കാനുള്ള കോടതി വിധി വന്നപ്പോൾ സഹായിക്കാൻ ആരുമില്ലായിരുന്നു. സിപിഐ എം നേതാക്കളോട് സങ്കടം പറഞ്ഞപ്പോൾ ഞങ്ങളെ ചേർത്തുനിർത്തി. വാർഡിലുള്ള കോൺഗ്രസ് നേതാക്കളെല്ലാം ഭൂ ഉടമകളോടൊപ്പം അന്ന് ചേർന്നു. യുഡിഎഫ് അധികാരമേറ്റപ്പോൾ പൊലീസിനെ വിട്ട് ഇവിടെ ആക്രമണവും നടത്തി’’–കുടുംബങ്ങൾ പറഞ്ഞു. കല്ലിടൽ ചടങ്ങിൽ നിർമാണ കരാറുകാരനുള്ള മുൻകൂർ തുകയുടെ ചെക്ക് വി പി സജീന്ദ്രൻ എംഎൽഎ കൈമാറി. ബെന്നി ബെഹനാൻ എംപി, കലക്ടർ ജി പ്രിയങ്ക, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.










0 comments