ആരോപണവിധേയയെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റി
പറവൂർ താലൂക്കാശുപത്രിയിൽ തട്ടിപ്പ് ഗൂഗിൾ പേ വഴിയും

പറവൂർ
ഗവ. താലൂക്കാശുപത്രിയിൽ നഗരസഭ നിയമിച്ച താൽക്കാലിക ജീവനക്കാർ ഗൂഗിൾ പേ ഉപയോഗിച്ചും തട്ടിപ്പ് നടത്തിയതായി പരാതി. ഒപിയിലെ ചില താൽക്കാലിക ജീവനക്കാർ ചേർന്ന് എട്ട് മാസത്തിനിടെ ഏഴ് ലക്ഷം രൂപയിലേറെ രൂപ തട്ടിയെടുത്തതായി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പുകൾ പുറത്തുവരുന്നത്.
നന്ത്യാട്ടുകുന്നം സ്വദേശിനിയുടെ രക്‌തപരിശോധനയുടെ തുക ഗൂഗിൾ പേ വഴി വാങ്ങിയെന്ന പരാതിയാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. കെടാമംഗലം സ്വദേശിയായ താൽക്കാലിക ജീവനക്കാരിയാണ് സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം വാങ്ങിയത്. ഈ തുക ആശുപത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രോഗികളിൽനിന്നു പണം സ്വീകരിച്ച് രസീത് നൽകിയശേഷം കംപ്യൂട്ടറിൽനിന്നു രസീതുകൾ ഡിലീറ്റ് ചെയ്‌തായിരുന്നു തട്ടിപ്പ്. ഇതിൽ ആരോപണവിധേയയായ താൽക്കാലിക ജീവനക്കാരിയെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റി രക്ഷപ്പെടുത്തുന്ന സമീപനമാണ് നഗരസഭ ഭരണനേതൃത്വത്തിന്റേത്. ഗുരുതര ക്രമക്കേടുണ്ടായിട്ടും ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭയും ആശുപത്രി അധികൃതരും സ്വീകരിക്കുന്നതെന്നും സംഭവം നടന്ന് രണ്ടാഴ്ച ചിന്നിട്ടിട്ടും എച്ച്എംസി കൂടി കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെന്നും നഗരസഭ പ്രതിപക്ഷനേതാവ് ടി വി നിഥിൻ പറഞ്ഞു.










0 comments