നോക്കുകുത്തിയായി ജില്ലാ പഞ്ചായത്ത്
വികസനത്തിന് "താഴിട്ട അഞ്ചാണ്ട് '

ഹിമോഫീലിയ രോഗികളുടെ ചികിത്സയ്‌ക്കായി നിർമിച്ച ഇൻഡോർ അക്വാട്ടിക് തെറാപ്പി യൂണിറ്റ് അടച്ചിട്ടനിലയിൽ

ശ്രീരാജ് ഓണക്കൂർ
Published on Oct 27, 2025, 01:26 AM | 1 min read
കൊച്ചി
യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിലെ തമ്മിലടിയും ഗ്രൂപ്പിസവും നേതൃത്വപരമായ പരിചയക്കുറവും ജില്ലാപഞ്ചായത്ത് ഭരണത്തെ നിർജീവമാക്കിയ അഞ്ചുവർഷമാണ് കടന്നുപോയത്. കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരെ ഏകോപിപ്പിക്കുന്നതിലുള്ള വീഴ്‌ചയും വ്യവസായ തലസ്ഥാന ജില്ലയുടെ വികസനസ്വപ്‌നങ്ങളെ തകർത്തു. ഗ്രൂപ്പുകളിയുടെ ഭാഗമായി രണ്ട് പ്രസിഡന്റുമാരും മൂന്ന് വൈസ് പ്രസിഡന്റുമാരും ഇക്കാലയളവിൽ മാറി ഭരിച്ചു. ജില്ലാ പ്ലാനിങ് സമിതിയിലും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ മൂന്നുവട്ടം തെരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനത്തെ ഏക ജില്ലാപഞ്ചായത്തായി എറണാകുളം മാറി.
സംസ്ഥാന സർക്കാരിന്റെ സാന്പത്തിക സഹായങ്ങൾ ലഭിച്ചിട്ടും അത് ജില്ലയ്‌ക്ക് അനുഭവപ്പെടുന്നതരത്തിൽ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാൻ യുഡിഎഫ് ഭരണസമിതിക്കായില്ല. എൽഡിഎഫ് നയിക്കുന്ന പ്രതിപക്ഷം നിരന്തരമായി തിരുത്തലുകൾ ആവശ്യപ്പെട്ടിട്ടും അത് ഗൗനിക്കാതെ തന്നിഷ്ടപ്രകാരം മുന്നോട്ടുപോകുകയായിരുന്നു യുഡിഎഫ്.
ആരോഗ്യമേഖലയ്‌ക്ക് ഇരുട്ടടി
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആലുവ ജില്ലാ ആശുപത്രിയിൽ അടിസ്ഥാനവികസനത്തിന് ആവശ്യമായ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനായില്ല. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളൊന്നും പൂർത്തിയാക്കാനായില്ല. സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കിയ പദ്ധതികൾമാത്രമാണ് ആശുപത്രിയിൽ യാഥാർഥ്യമായത്.
ജില്ലാ ആശുപത്രിയിൽ ഹിമോഫീലിയ രോഗികളുടെ ചികിത്സയ്‌ക്കായി നിർമിച്ച ഇൻഡോർ അക്വാട്ടിക് തെറാപ്പി യൂണിറ്റിന്റെ നിർമാണത്തിൽ ഗുരുതര അപാകതകളുണ്ടായി. 2021ൽ ഉദ്‌ഘാടനം ചെയ്‌ത യൂണിറ്റിലെ നീന്തൽക്കുളം ചോർച്ച കാരണം ഉപയോഗശൂന്യമായി. അടുത്തിടെമാത്രം പേരിനായി നന്നാക്കിയെങ്കിലും തെറാപ്പി യൂണിറ്റ് എപ്പോഴും പൂട്ടിയനിലയിലാണ്. ‘നിർമാണം പുരോഗമിക്കുകയാണ്’ എന്ന ബോർഡ് ആണ് യൂണിറ്റിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്നത്.
ആശുപത്രി കാന്റീൻ ഇപ്പോഴും ശോച്യാവസ്ഥയിലാണ്. ആയിരക്കണക്കിന് രോഗികൾ ദിവസവും വരുന്ന ആശുപത്രിയിലെ കാന്റീൻ തകരഷീറ്റിട്ട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഒരേസമയം പത്തിൽത്താഴെ പേർക്കുമാത്രം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന സൗകര്യമാണുള്ളത്. ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെ ഇവിടെനിന്നാണ് ഭക്ഷണം കഴിക്കുന്നത്. അഞ്ചുവർഷമായിട്ടും കാന്റീനായി നല്ലൊരു കെട്ടിടം നിർമിക്കാനായിട്ടില്ല.
മുതിർന്ന പൗരൻമാരുടെ ചികിത്സയ്‌ക്കായി നിർമിച്ച ജെറിയാട്രിക് വാർഡ് ദീർഘവീക്ഷണമില്ലാതെ ഒന്നാംനിലയിൽ സ്ഥാപിച്ചു. ഇവിടേക്ക് ലി-ഫ്‌റ്റ് ഇല്ലാത്തതിനാൽ ഇൗ വാർഡ് മുതിർന്ന പൗരൻമാർക്ക് ഉപയോഗിക്കാനാകുന്നില്ല.ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹത്തോടുപോലും അനാദരവ് കാണിച്ചു. ഫ്രീസർ തകരാറിലായതിനാൽ മൃതദേഹം ജീർണിച്ചത് വൻ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.









0 comments