താങ്ങായി കനിവായി ആശ്വാസ്

അങ്കമാലി
തുറവൂർ പഞ്ചായത്തിലെ പുല്ലാനിയിൽ പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് കെയർ യൂണിറ്റ് 10–-ാംവാർഷികത്തിലേക്ക്. നിരവധി കിടപ്പുരോഗികൾക്കും ദീർഘകാലവിശ്രമം വേണ്ട രോഗികൾക്കും ആശ്വാസ് കൈത്താങ്ങായി. യൂണിറ്റിന്റെ വാര്‍ഷികാഘോഷം മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളി പാരിഷ് ഹാളിൽ ശനിയാഴ്ച നടക്കും. ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഏലിയാസ് മാർ യൂലിയോസ് മെത്രാപോലീത്ത ഉപകരണങ്ങൾ ഏറ്റുവാങ്ങും. അങ്കമാലി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ ഇളന്തട്ട് മുഖ്യപ്രഭാഷണം നടത്തും.
ജനങ്ങളിൽനിന്ന് സ്വരൂപിക്കുന്ന ചെറിയ തുകകൾ ഉപയോഗിച്ചാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. പി എ ജോസ്, സാൻജോ വർഗീസ് എന്നിവരുടെ ഓർമയ്ക്കാണ് പാലിയേറ്റീവ് യൂണിറ്റ് രൂപംകൊണ്ടത്. ഇതിനകം രണ്ടായിരത്തോളംപേർക്ക് ഉപകരണങ്ങളും വൈദ്യസഹായവും സാന്ത്വനചികിത്സയും ലഭ്യമാക്കി. അങ്കമാലി കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ മാസത്തിൽ രണ്ടുതവണ തുറവൂർ പഞ്ചായത്തിലെ സാന്ത്വനചികിത്സ ആവശ്യമായ കിടപ്പുരോഗികളുടെ വസതികളിൽ നേരിട്ടെത്തി പരിചരണം ഉറപ്പുവരുത്തുന്നുണ്ട്.
മാസത്തിലൊരിക്കൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ ക്ലാസുകളും സംഘടിപ്പിക്കുന്നു. പി വി ജോയി സെക്രട്ടറിയും റോബിൻസൺ ജോസ് പ്രസിഡന്റുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.









0 comments