സയ്യിദ് മുഷ്‌താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യൻമാർക്കെതിരെ 15 റൺ ജയം
print edition കേരളം മുംബൈയെ കീഴടക്കി

മുംബെെ ബാറ്റർ ശിവം ദുബെയെ കേരള ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്--ജു സാംസൺ സ്റ്റമ്പ് ചെയ്--ത് പുറത്താക്കുന്നു
ലഖ്‌നൗ
സൂര്യകുമാർ യാദവ്, അജിൻക്യ രഹാനെ, ശിവം ദുബെ, സർഫറാസ് ഖാൻ അടക്കമുള്ള സൂപ്പർതാരങ്ങൾ അണിനിരന്ന മുംബൈയെ കീഴടക്കി കേരളം. സയ്യിദ് മുഷ്‌താഖ് അലി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ 15 റണ്ണിനാണ് ജയം.
ഓൾറൗണ്ടർ എൻ എം ഷറഫുദീനാണ് കളിയിലെ താരം. 15 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 35 റണ്ണടിച്ചു. പേസ് ബൗളറായ ഷറഫുദീന് ഒരു വിക്കറ്റുമുണ്ട്. മറ്റൊരു പേസ് ബൗളറായ കെ എം ആസിഫ് 3.4 ഓവറിൽ 24 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്തത് നിലവിലെ ജേതാക്കളായ മുംബൈയെ തകർക്കുന്നതിൽ നിർണായകമായി.
സ്‌കോർ: കേരളം 178/5, മുംബൈ 163(19.4)
ടോസ് നേടിയ കേരളം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ക്യാപ്‌റ്റനും ഓപ്പണറുമായ സഞ്‌ജു സാംസൺ 28 പന്തിൽ 46 റണ്ണുമായി ടോപ് സ്‌കോററായി. എട്ട് ഫോറും ഒരു സിക്‌സറുമടിച്ചു. രോഹൻ കുന്നുമ്മലും(2) സൽമാൻ നിസാറും(1) അബ്‌ദുൽ ബാസിതും (8) തിളങ്ങിയില്ല. മുഹമ്മദ് അസ്‌ഹറുദീൻ 25 പന്തിൽ 32 റണ്ണെടുത്തു. 40 പന്തിൽ മൂന്ന് ഫോർ അടക്കം 43 റണ്ണുമായി വിഷ്‌ണുവിനോദ് പുറത്താകാതെനിന്നു.
വിജയം ലക്ഷ്യമിട്ട മുംബൈ ബാറ്റർമാരെ കുരുക്കിലാക്കുന്ന ബൗളിങ്ങായിരുന്നു കേരളത്തിന്റേത്. ആദ്യ ഓവറിൽ ഓപ്പണർ ആയുഷ് മാത്രെയെ (3) പുറത്താക്കി ഷറഫുദീൻ മുംബൈയെ ഞെട്ടിച്ചു. അജിൻക്യ രഹാനെയെ പുറത്താക്കുന്നതിലും ഷറഫുദീൻ പങ്കാളിയായി. 18 പന്തിൽ അഞ്ച് ഫോർ അടക്കം 32 റണ്ണെടുത്ത രഹാനെ സ്‌പിന്നർ വിഘ്‌നേഷ് പുത്തൂരിന്റെ പന്തിൽ ഷറഫുദീന് പിടികൊടുത്തു. സർഫറാസ്‌ഖാനും സൂര്യകുമാർ യാദവും ക്രീസിലുള്ളപ്പോൾ മുംബൈ ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ അബ്‌ദുൽ ബാസിത് കൂട്ടുകെട്ട് പൊളിച്ചു. 40 പന്തിൽ 52 റണ്ണെടുത്ത സർഫറാസ്‌ഖാനെ രോഹൻ പിടികൂടി. ശിവം ദുബെയെ(11) വിഘ്‌നേഷിന്റെ പന്തിൽ സഞ്‌ജു സാംസൺ സ്‌റ്റമ്പ് ചെയ്‌ത് പുറത്താക്കി.
ക്യാപ്‌റ്റൻ സൂര്യകുമാർ ക്രീസിലുള്ളപ്പോൾ മുംബൈ വിജയപ്രതീക്ഷ കൈവിട്ടില്ല.
അവസാന മൂന്ന് ഓവറിൽ ആറ് വിക്കറ്റ് ശേഷിക്കെ മുംബൈയ്‌ക്ക് ജയിക്കാൻ 31 റൺ മതിയായിരുന്നു. കെ എം ആസിഫിന്റെ പതിനെട്ടാം ഓവറാണ് നിർണായകമായത്. ആസിഫ് ഇൗ ഓവറിൽ മൂന്ന് വിക്കറ്റെടുത്ത് കളി തിരിച്ചു. ആദ്യ പന്തിൽ സായ്‌രാജ് പാട്ടീലിനെയും(13) മൂന്നാം പന്തിൽ സൂര്യകുമാറിനെയും(32) അടുത്ത പന്തിൽ ശാർദുൽ ഠാക്കൂറിനെയും(0) പുറത്താക്കി കേരളം കളി പിടിച്ചു. സൂര്യകുമാർ 25 പന്തിൽ നാല് ഫോറടിച്ചു. അഹമ്മദ് ഇമ്രാനാണ് ക്യാച്ചെടുത്തത്. 99/2 എന്ന സ്‌കോറിൽനിന്നും 149/7 എന്ന നിലയിലേക്ക് മുംബൈ വീണു. അവസാന ഓവറിൽ വീണ്ടും രണ്ട് വിക്കറ്റുമായി ആസിഫ് വിജയമുറപ്പിച്ചു.
വിഘ്‌നേഷ് രണ്ട് വിക്കറ്റ് നേടി. ഷറഫുദീന് പുറമെ ബാസിതിനും എം ഡി നിധീഷിനും ഓരോ വിക്കറ്റുണ്ട്. കഴിഞ്ഞ സീസണിലും കേരളം മുംബൈയെ തോൽപിച്ചിരുന്നു. എലൈറ്റ് എ ഗ്രൂപ്പിൽ 16 പോയിന്റുമായി മുംബൈ ഇപ്പോഴും മുന്നിലാണ്. കേരളത്തിന് അഞ്ച് കളിയിൽ മൂന്ന് ജയവും രണ്ട് തോൽവിയുമടക്കം 12 പോയിന്റുണ്ട്. ശനിയാഴ്‌ച ആന്ധ്രയെ നേരിടും.








0 comments