പള്ളിയാക്കൽ ബാങ്കിന്റെ ‘പാഡി’ പദ്ധതിക്ക് 15ന് തുടക്കം

ചാത്തനാട് പൊക്കാളി വില്ലേജ് ഹബ്ബിലെ പാഡി ഡെസ്ക്
പറവൂർ
പള്ളിയാക്കൽ സഹകരണ ബാങ്കിന്റെ പൊക്കാളി ഫാം ടൂറിസം പദ്ധതിയായ ‘പള്ളിയാക്കൽ അഗ്രി അക്വാ ടൂറിസം ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവ്സ്' (പിഎഎഡിഐ–പാഡി) ചാത്തനാട് വില്ലേജ് ഹബ്ബിൽ ഞായർ പകൽ 11ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ബാങ്ക് പ്രസിഡന്റ് എ സി ഷാൻ അധ്യക്ഷനാകും. പദ്ധതിയുടെ ഭാഗമായ പാഡി ടെയിൽസ് വിനോദസഞ്ചാര പരിപാടിക്കും പൊക്കാളി വില്ലേജ് ഹബ്ബിന്റെ പ്രവർത്തനത്തിനും തുടക്കമാകും. പൊക്കാളിയുടെ പൈതൃകവും വിനോദസഞ്ചാരവും ഏഴിക്കരയുടെ ഗ്രാമീണ ജീവിതവും കോർത്തിണക്കിയാണ് പദ്ധതി.
51 വീടുകളിൽനിന്നെത്തിക്കുന്ന നാടൻ വിഭവങ്ങൾചേർത്ത് സദ്യവിളമ്പുന്ന റസ്‌റ്റോറന്റ്, ജല കായിക വിനോദങ്ങൾ തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്. ബോട്ടുകളിൽ കായൽ യാത്രനടത്തി കൃഷിയും ജൈവവൈവിധ്യവും ഗ്രാമീണ ജീവിതവും അടുത്തറിയാം. സന്ദർശകരെത്തുന്ന സ്ഥലങ്ങളിൽ അതുമായി ബന്ധപ്പെട്ട ചരിത്രവും കഥകളും വിവരങ്ങളും അറിയാൻ ജിപിഎസ് അധിഷ്‌ഠിത മൊബൈൽ ആപ്ലിക്കേഷൻ സൗകര്യങ്ങളുണ്ടാകും.
ക്യൂആർ കോഡുകൾ വഴി വിവരങ്ങളും ദൃശ്യങ്ങളും വിവിധ ഭാഷകളിൽ ലഭ്യമാക്കും. കയാക്കിങ്, ഓപ്പൺ എയർ തിയറ്റർ, മീൻ-–പച്ചക്കറി വിപണനകേന്ദ്രങ്ങൾ, നഴ്സറി എന്നിവയും ഒരുക്കുന്നുണ്ട്. സഞ്ചാരികൾക്ക് താമസസൗകര്യവും ഹോം സ്‌റ്റേകളും ഹാഫ് ഡേ, സിംഗിൾ ഡേ, മൾട്ടി ഡേ പാക്കേജുകളുമുണ്ടാകും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ പിന്തുണയോടെയാണ് പദ്ധതി. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എ സി ഷാൻ, ഡയറക്ടർ എം പി വിജയൻ, സെക്രട്ടറി വി വി സനിൽ എന്നിവർ പങ്കെടുത്തു.








0 comments